യുഎയിൽ വേനലവധി കഴിഞ്ഞ് വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് തിരികെയെത്തുന്ന സാഹചര്യത്തിൽ ഫ്ലൂ വാക്സിനുകൾ എടുക്കണമെന്ന് യുഎഇയിലെ ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. രോഗം പിടിപെടാതിരിക്കാനും രോഗം ഗുരുതരമാകാതിരിക്കാനും ഫ്ലൂ വാക്സിനുകൾ സഹായിക്കും.
പകർച്ചപ്പനി പോലുള്ള രോഗങ്ങളുള്ള കുട്ടികൾ സ്കൂളിലേക്കെത്തിയാൽ മറ്റ് കുട്ടികളിലേക്കും അധ്യാപകരിലേക്കും രോഗം പടരാനുള്ള സാധ്യതയുണ്ട്. അത്കൊണ്ട് തന്നെ ഇത്തരം രോഗങ്ങളുള്ള കുട്ടികളെ അസുഖം പൂർണ്ണമായി മാറുന്നത് വരെ സ്കൂളിലേക്ക് വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിച്ചു. വേനലവധിക്ക് മിക്ക കുട്ടികളും വിദേശയാത്രകൾ നടത്തിയതാകും. വിദേശയാത്രകൾക്കിടയിൽ ഇൻഫ്ലുവെൻസ പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് നിർദ്ദേശം. ഫ്ലൂ വാക്സിൻ എടുക്കുന്നവരിൽ രോഗം തീവ്രമാവുകയില്ല.
വാക്സിൻ കുട്ടികൾക്ക്:
കുട്ടികൾക്ക് 6 മാസം മുതൽ വാക്സിൻ നൽകാവുന്നതാണ്. 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് മുൻപ് വാക്സിൻ നൽകിയിട്ടില്ലെങ്കിൽ ആദ്യത്തെ വർഷം 2 ഡോസ് വീതം വാക്സിൻ നൽകണം.9 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വർഷം ഒരു ഡോസ് വാക്സിൻ നൽകിയാൽ മതി.
വാക്സിൻ എവിടെ ലഭിക്കും:
യുഎഇ യിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഫ്ലൂ വാക്സിൻ ലഭ്യമാണ്. 18 വയസ്സിനു മുകളിലുള്ള ആളുകൾക്ക് തെരഞ്ഞെടുത്ത ചില ഫർമാസികളിലും വാക്സിൻ ലഭ്യമാണ്.
ആർക്കൊക്കെ സൗജന്യം:
ഫ്ലൂ വാക്സിൻ 50 വയസ്സിനു മുകളിലുള്ളവർക്കും ഗർഭിണികൾക്കും പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്കും, ഹജ്ജ്, ഉംറ തീർത്ഥാടകർക്കും സൗജന്യമാണ്. തിഖ ഹെൽത്ത് ഇൻഷുറൻസ് കാർഡ് കൈവശമുള്ളയാളുകൾക്കും വാക്സിൻ സൗജന്യമായിരിക്കും.