ലോകകപ്പ് മാമാങ്കത്തിന് തിരിതെളിയാൻ 14 ദിനം മാത്രം ബാക്കി നിൽക്കെ ഖത്തറിലേക്ക് ആരാധകരുടെ ഒരുക്ക് തുടരുന്നു. ലോകമെമ്പാടുമുള്ള ആരാധകർ ഖത്തറിലെത്തിതുടങ്ങിയതോടെ പ്രവാസികളും സ്വദേശികളും ലോകകപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. വിവിധ സൗകര്യങ്ങളൊരുക്കി ഫുട്ബോൾ പ്രേമികളെ സ്വാഗതമരുളുന്ന തിരക്കിലാണ് രാജ്യവും.
രാജ്യത്തെ എല്ലാ വഴിയോരത്തും ആരാധകർക്ക് സ്വാഗതമേകിയുള്ള ഫ്ലക്സുകളും ചിത്രങ്ങളും കൊടിതോരണങ്ങളും നിറഞ്ഞു കഴിഞ്ഞു. കെട്ടിടങ്ങളുടെയും ഓഫിസുകളുടെയും വീടുകളുടേയുമെല്ലാം പ്രവേശന കവാടങ്ങളിലും ലോകകപ്പിന്റെ ആവേശം മാത്രം. ഏറ്റവും മനോഹരമായി അണിഞ്ഞൊരുങ്ങിയത് ദോഹ കോർണിഷും വെസ്റ്റ് ബേയുമാണ്. ലോകകപ്പ് സ്റ്റേഡിയങ്ങൾ, ഫാൻ സോണുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള അടയാള ബോർഡുകളും സ്ഥാപിച്ചു കഴിഞ്ഞു.
ആഘോഷങ്ങൾ നടക്കുമ്പോളും ഖത്തർ ലോകകപ്പിനെതിരെ ഇപ്പോഴും തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടുന്ന രീതി കാപട്യമാണെന്നു വിദേശകാര്യമന്ത്രി മുഹമ്മദ് അബ്ദുറഹ്മാൻ അൽഥാനി പറഞ്ഞു. ലോകം മുഴുവൻ ഖത്തറിനൊപ്പം ലോകകപ്പ് ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുമ്പോഴും വിരലിലെണ്ണാവുന്ന ചിലർക്ക് മാത്രം ഇപ്പോഴും ഇത് ഉൾക്കൊള്ളാനാകുന്നില്ലെന്നും 97 ശതമാനം ടിക്കറ്റുകൾ ഇതിനകം വിറ്റുതീർന്നതായും അദ്ദേഹം പറഞ്ഞു.