അയർലൻഡിൽ ഭവനരഹിതരുടെ എണ്ണത്തിൽ വൻ വർധനവ്. രാജ്യ തലസ്ഥാനമായ ഡബ്ലിനിൽ ഭവനരഹിതരായ 7,700 പേർ അടിയന്തര താമസ സൗകര്യങ്ങളിൽ കഴിയുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ മുഴുവൻ കണക്കുകൾ പ്രകാരം 10,905 പേരാണ് വീടില്ലാതെ തെരുവുകളിലും എമര്‍ജന്‍സി അക്കോമഡേഷനുകളിലും താമസിക്കുന്നത്.
നിലവിൽ അടിയന്തര താമസ കേന്ദ്രങ്ങളിലുള്ളവരുടെ എണ്ണമാണ് പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ യഥാർത്ഥ ഭവനരഹിതരുടെ എണ്ണം ഇതിലും ഒരുപാട് കൂടുതലായിരിക്കുമെന്ന് ഭവനരഹിതർക്ക് സഹായമെത്തിക്കുന്ന സംഘടനയായ ഫോക്കസ് അയർലൻഡിന്റെ അധികൃതർ പറഞ്ഞു. ഔദ്യോഗിക കണക്കുകൾ പ്രകാരം അടിയന്തര താമസസൗകര്യങ്ങളിൽ കഴിയുന്നത് ഭൂരിപക്ഷവും കുട്ടികളാണ്.
3,342 കുട്ടികൾ ഹോട്ടൽ, ബി, ബി എന്നിവ പോലുള്ള അടിയന്തര സൗകര്യങ്ങളിൽ താമസിക്കുന്നു. ഡബ്ലിനിൽ മാത്രം 2,429 കുട്ടികൾ ഭവനരഹിതരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021 സെപ്റ്റംബറിനെ അപേക്ഷിച്ച് ഭവനരഹിതരുടെ എണ്ണം 42% വർദ്ധിച്ചതായി ഫോക്കസ് അയർലൻഡ് കണക്കാക്കുന്നു. ഈ മാസം ഏകദേശം 112 കുടുംബങ്ങൾ അടിയന്തര താമസസൗകര്യം തേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.