കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുതിയ സംവിധാനം ഒരുങ്ങുന്നു. 20 സെക്കന്റിൽ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ ഇമിഗ്രേഷൻ പൂർത്തിയാക്കാനുളള സംവിധാനമാണ് ഒരുങ്ങുന്നത്.ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി കഴിഞ്ഞമാസം ഈ സംവിധാനം ആദ്യം ഏർപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ‘ ഫാസ്റ്റ് ട്രാക് ഇമിഗ്രേഷൻ-ട്രസ്റ്റഡ് ട്രാവലേഴസ് പ്രോഗ്രാം’ൻറെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടൽ യാത്രക്കാർക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാൽ. ഇതിൻറെ പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്തിൽ കമ്മീഷൻ ചെയ്യും. ഡൽഹി വിമാനത്താവളത്തിലാണ് ആദ്യമായി കഴിഞ്ഞമാസം ഈ സംവിധാനം ഏർപ്പെടുത്തിയത്.
സിയാലിൽ ഇതിനായുള്ള അടിസ്ഥാന സൗകര്യം സജ്ജമായി. ബ്യൂറോ ഓഫ് ഇമിഗ്രേഷന് ആണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടൽ മേഖലകളിൽ നാല് വീതം ലേനുകളിലാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ നടപ്പിലാക്കുക. ഇതിനായുള്ള സ്മാർട് ഗേറ്റുകൾ എത്തിക്കഴിഞ്ഞു. നിലവിൽ ഇന്ത്യൻ പൗരൻമാർക്കും ഒ.സി.ഐ കാർഡുള്ളവർക്കുമാണ് സ്വയം ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കാനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ പോർട്ടലിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തേണ്ടതുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ വിജയകരമായി അപ്ലോഡ് ചെയ്താൽ അടുത്തഘട്ടമായ ബയോമെട്രിക് എൻറോൾമെൻറിലേയ്ക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എൻറോൾമെൻറ് കൗണ്ടറുകൾ കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എഫ്.ആർ.ആർ.ഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ ട്രസ്റ്റഡ് ട്രാവലർ പദ്ധതിയ്ക്ക് രാജ്യത്ത് തന്നെ രണ്ടാമതായി സൗകര്യമൊരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ് പറഞ്ഞു. ‘ പരമാവധി ഇടങ്ങളിൽ സാങ്കേതിക വിദ്യയുടെ സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സിയാൽ ലക്ഷ്യമിടുന്നത്.
യാത്രക്കാർക്ക് സമ്മർദമൊന്നുമില്ലാതെ വിമാനത്താവളത്തിലെ വിവിധ പരിശോധനങ്ങൾ പൂർത്തിയാക്കാൻ കഴിയണം. ഒപ്പം സുരക്ഷ ഉറപ്പുവരുത്തുകയും വേണം. ആഭ്യന്തര യാത്രക്കാർക്കായി ഈയിടെ ഏർപ്പെടുത്തിയ ഡിജിയാത്ര ഏറെ വിജയകരമാണ് ‘ -സുഹാസ് പറഞ്ഞു. പ്രതിവർഷം ഒരു കോടിയാത്രക്കാരും 70,000-ൽ പരം സർവീസുകളുമുള്ള സിയാൽ നിലവിൽ രാജ്യാന്തര ട്രാഫിക്കിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്.