തണുപ്പകറ്റാൻ ഭൂട്ടാനിലെ ജനങ്ങൾ ദിവസവും കഴിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണമാണ് മോമോസ്. എന്നാലിപ്പോൾ ഭൂട്ടാനിൽ മൈദയുടെ ക്ഷാമം രൂക്ഷമായതോടെ കടകളിൽ മോമോസ് ലഭിക്കാനില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മൈദ കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചതിന് ശേഷമാണ് ക്ഷാമം രൂക്ഷമായത്. കയറ്റുമതി നിയന്ത്രണ വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ മാവിന്റെ വില വർധിച്ചത് ബിസിനസിനെ വലിയ തോതിൽ തടസ്സപ്പെടുത്തിയെന്നാണ് ഇവിടുത്തെ ബേക്കറി ഉടമകളുടെ വാദം. അതേസമയം മൈദാ മാവിന്റെ ലഭ്യതക്കുറവ് മൂലം അടുത്തിടെ ഭൂട്ടാനിലെ ഒരു ബേക്കറിയുടമയ്ക്ക് 15 ദിവസത്തിലധികം കട അടച്ചിടേണ്ടിവന്നുവെന്ന് ക്വൻസൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു

അഞ്ച് വർഷത്തിനിടെ ഭൂട്ടാൻ ഒരു വർഷം ശരാശരി 1,600 ടൺ ഗോതമ്പ് മാവാണ് ഉത്പാദിപ്പിച്ചിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്ന് 275 ദശലക്ഷത്തിലധികം വിലമതിക്കുന്ന 20,000 ടൺ ആട്ടയും മൈദയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സാമ്പത്തികകാര്യ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.
