ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നവർക്ക് മുന്നറിയിപ്പ് നൽകി മസ്കത്ത് മുനിസിപ്പാലിറ്റി. മസ്കത്ത് നഗരത്തിന്റെ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായാണിത്.
ബാൽക്കണിയിൽ വസ്ത്രങ്ങൾ തൂക്കിയിടുന്നുണ്ടെങ്കിൽ അവ പുറത്തേക്ക് കാണാത്ത വിധം മറച്ചിരിക്കണം. മൂന്നിൽ കൂടുതൽ റെസിഡൻഷ്യൽ യൂണിറ്റുകളുള്ള ബഹുനില കെട്ടിടത്തിൽ ഓരോ യൂണിറ്റിനും വസ്ത്രങ്ങൾ ഉണക്കാനുള്ള ഒരു ബാൽക്കണി നൽകണമെന്നും അധികൃതർ നിർദേശിച്ചു.
മുനിസിപ്പാലിറ്റിയുടെ നിർദ്ദേശം അവഗണിക്കുന്നവർക്കെതിരെ 50 മുതൽ 5000 റിയാൽവരെ പിഴയും ഒരു ദിവസം മുതൽ ആറുമാസം വരെ തടവും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മസ്കത്ത് മുനിസിപ്പാലിറ്റി നിയമത്തിലെ ആർട്ടിക്കിൾ നമ്പർ 14 അനുസരിച്ചാണ് പിഴ ഈടാക്കുന്നത്.