ദുബായിലെ ഏറ്റവും വലിയ ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എമാർ പ്രോപ്പർട്ടീസ്, അദാനി ഗ്രൂപ്പ് ഉൾപ്പെടെയുള്ള ഇന്ത്യയിലെ “ചില റിയൽ എസ്റ്റേറ്റ് കമ്പനികളുമായി” തങ്ങളുടെ ഇന്ത്യൻ ബിസിനസിന്റെ ഒരു ഓഹരി വിൽക്കുന്നതിനായി ചർച്ചകൾ നടത്തിവരികയാണെന്ന് വ്യാഴാഴ്ച അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെയും ദുബായിലെ മറ്റ് പ്രശസ്തമായ നിരവധി നിർമ്മിതകളുടേയും ഉടമകളായ എമ്മാർ പ്രോപ്പർട്ടീസ് ലോകത്തെ തന്നെ മുൻനിര നിർമ്മാണക്കമ്പനിയാണ്. അതേസമയം ഇന്ത്യയിലെ ബിസിനസിലെ മാറ്റങ്ങൾ സംബന്ധിച്ച് ഇതുവരെ അന്തിമതീരുമാനമായിട്ടില്ലെന്ന് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇന്ത്യൻ കോടീശ്വരനായ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസിന്റെ റിയൽ എസ്റ്റേറ്റ് യൂണിറ്റായ അദാനി റിയാലിറ്റി, എമാർ ഇന്ത്യയിലെ ഭൂരിപക്ഷം ഓഹരികളും വാങ്ങാനുള്ള ചർച്ചകളിലാണെന്ന് ബുധനാഴ്ച ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എമാർ ഗ്രൂപ്പിൻ്റെ വിശദീകരണം വന്നത്.
2005 ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച എമാർ ഗ്രൂപ്പിന് ഗുരുഗ്രാം, മൊഹാലി, ലഖ്നൗ, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിൽ റെസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോപ്പർട്ടികൾ സ്വന്തമായുണ്ട്. ഇന്ത്യയ്ക്ക് പുറമേ, സൗദി അറേബ്യ, തുർക്കി, യുഎസ് എന്നിവയുൾപ്പെടെ മറ്റ് വിപണികളിലും അവർ പ്രവർത്തിക്കുന്നുണ്ട്.