സ്വന്തമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രം റിലീസാവുന്നതിന് മുമ്പ് വിടപറഞ്ഞ് സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂര്‍. ഭക്ഷ്യവിഷ ബാധയെ തുടര്‍ന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു. 42 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബൈജു ചികിത്സ തേടിയിരുന്നു. പറവൂര്‍ നന്തിക്കുളങ്ങര കൊയ്പാമഠത്തില്‍ ശശിയുടെയും സുമയുടെയും മകനാണ്.
20 വര്‍ഷത്തോളമായി സിനിമാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നയാളായിരുന്നു ബൈജു. താന്‍ തിരക്കഥയും സംവിധാനവും ചെയ്ത സീക്രട്ട് എന്ന ചിത്രം റിലീസിങ്ങിന് തയ്യാറെടുക്കുന്നതിനിടെയാണ് മരണം.
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ശേഷം കോഴിക്കോട് നിന്ന് ബൈജു ശനിയാഴ്ച വീട്ടിലേക്ക് മടങ്ങുന്നത് വഴി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിരുന്നു. ഇതിന് ശേഷം അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍ അസുഖത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനാല്‍ പറവൂരിലെ വീട്ടില്‍ എത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.
ധന്യം, മൈഥിലി വീണ്ടും വരുന്നു, കൈതോലചാത്തന്‍ തുടങ്ങി 45 സിനിമകളില്‍ പ്രൊഡക്ഷന്‍ കണ്ട്രോളര് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ചിത്ര. ആരാധ്യ, ആരവ് എന്നിവരാണ് മക്കള്‍.