പാൻ ഇന്ത്യൻ ചിത്രമായ ലക്കി ഭാസ്കറിന് ശേഷം തെന്നിന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ ആരംഭിച്ചു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.
‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ സെൽവമണി സെൽവരാജാണ് ‘ കാന്ത” സംവിധാനം ചെയ്യുന്നത്. തമിഴ് പ്രഭയാണ് ചിത്രം രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഹൈദരാബാദിലെ രാമ നായിഡു സ്റ്റുഡിയോയിൽ വെച്ച് നടന്നു.
ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്ത അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദുൽഖർ സൽമാൻ, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി, ജോം വർഗീസ് എന്നിവരാണ് നിർമ്മാണം.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആർഒ- ശബരി