റിലീസിന് മുൻപേ റെക്കോർഡുകൾ തിരുത്തി മമ്മൂട്ടിയുടെ ആക്ഷൻ ചിത്രം ടർബോ. മമ്മൂട്ടിക്കമ്പനി നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രീ റിലീസ് ബിസിനസ് മൂന്ന് കോടി പിന്നിട്ടു. കേരളത്തിലെ മാത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ നിന്നുള്ള വരുമാനത്തിൻ്റെ കണക്കാണിത്. ഒരു മമ്മൂട്ടി ചിത്രത്തിൻ്റെ ഏറ്റവും ഉയർന്ന പ്രീ സെയിൽ ബിസിനസാണിത്.
ലോകത്താകെ ആയിരത്തിലേറെ സ്ക്രീനുകളിൽ ടർബോ നാളെ റിലീസാവും എന്നാണ് അവസാന മണിക്കൂറുകളിൽ പുറത്തു വരുന്ന കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. കേരളത്തിന് പുറത്ത് കർണാടകയിൽ മാത്രം നൂറിലേറെ തീയേറ്ററുകളിൽ ചിത്രം നാളെ റിലീസ് ചെയ്യും. ബെംഗളൂരുവിൽ മാത്രം നാളെ ടർബോയ്ക്ക് എഴുപതിലേറെ ഷോ ചാർട്ട് ചെയ്തു കഴിഞ്ഞു. തമിഴ്നാട്ടിൽ നൂറും ഉത്തരേന്ത്യൻ നഗരങ്ങളിൽ 150-ലേറേയും ഷോകളാണ് ഇതുവരെ ചാർട്ട് ചെയ്തത്. 360-ലേറെ ഷോകൾ ഇതിനോടകം കേരളത്തിന് പുറത്തെ വിവിധ നഗരങ്ങളിലായി ഉറപ്പായിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ്റെ മാജിക് ഫ്രെയിംസ് ഏറ്റെടുത്ത് നവീകരിച്ച മൂന്ന് തീയേറ്റുകൾ നാളെ ടർബോ പ്രദർശിപ്പിച്ചു കൊണ്ട് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്. കോഴിക്കോട് അപ്സര, ചെർപ്പുളശ്ശേരി ദേവി, തലയോലപ്പറമ്പ് നൈസ് എന്നീ തീയേറ്ററുകളാണ് നാളെ തൊട്ട് വീണ്ടും പ്രേക്ഷകർക്കായി തുറക്കുന്നത്. മലബാറിലെ ഏറ്റവും വലിയ തീയേറ്ററായ അപ്സരയിൽ 1005 സീറ്റുകളാണ് നവീകരണത്തിന് ശേഷമുണ്ടാവുക. അപ്സരയിൽ ടർബോയുടെ 4000 ടിക്കറ്റുകൾ ഇതുവരെ വിറ്റു കഴിഞ്ഞു.
മമ്മൂട്ടിക്കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ. ബിഗ് ബജറ്റ് ചിത്രമായ ടർബോയിൽ കന്നഡ താരം രാജ് ബി ഷെട്ടിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ്മ, ജോണി ആൻ്റണി, ദിലീഷ് പോത്തൻ, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്ത്. മമ്മൂട്ടിക്കമ്പനിയുടെ മുൻ ചിത്രങ്ങളെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയതിനാൽ വലിയ ഹൈപ്പാണ് ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിനും ലഭിക്കുന്നത്.