ഷാര്‍ജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യന്‍ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ ‘ഗള്‍ഫ് മാധ്യമം കമോണ്‍ കേരള’യുടെ അഞ്ചാം എഡിഷന് മേയ് 19, 20, 21 തീയതികളില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഒരുക്കുന്ന മേളയുടെ മുന്നോടിയായി മേയ് 18ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സില്‍ ഇന്‍വസ്റ്റ്മെന്റ് സമ്മിറ്റും നടക്കും.
ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സിന്റെയും ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന കമോണ്‍ കേരളയുടെ ഉദ്ഘാടനം മേയ് 19ന് വൈകുന്നേരം നാലിന് ഷാര്‍ജ ഡിപാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ചെയര്മാന് ശൈഖ് ഫാഹിം ബിന്‍ സുല്‍ത്താന്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമി നിര്‍വഹിക്കും. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസുഫലി, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് എന്നിവര്‍ മുഖ്യാതിഥിയാകും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ്, കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി, ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മേളയുടെ പകല്‍ സമയങ്ങളിലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന വിവിധയിനം പരിപാടികള്‍ നടക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്, ഭാവന തുടങ്ങിയവരുടെ നേതൃത്വത്തില്‍ വമ്പന്‍ താരനിര അണിനിരക്കും. മേളനഗരിയിലെത്തുന്നവരെ കാത്ത് കാംറി കാര്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് ഒരുക്കുന്നത്. രാജ് കലേഷും മാത്തുക്കുട്ടിയും അവതരിപ്പിക്കുന്ന ‘മച്ചാന്‍സ് ഇന്‍ ഷാര്‍ജ’ മൂന്ന് ദിവസവും പകല്‍ സമയങ്ങളില്‍ ആസ്വാദകരെ കൈയിലെടുക്കും. കുടുംബ ജീവിതം ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടിപ്സുമായി പ്രചോദക പ്രഭാഷകന്‍ മാണി പോളും മകളും നടിയും അവതാരകയുമായ പേളി മാണിയും ‘പോള്‍ ആന്‍ഡ് പേളി’ ഷോയുമായി എത്തും. കൊച്ചു കുട്ടികള്‍ക്കായി ചിത്ര രചന മത്സരം, സൗന്ദര്യ പാഠങ്ങള്‍ പകരുന്ന ‘ദ ആര്‍ട്ട് ഓഫ് ഗ്രൂമിങ്’, പാട്ടിന് സമ്മാനവുമായി ‘സിങ് എന്‍ വിന്’, മജീഷന്‍ രാജമൂര്‍ത്തിയുടെ മാജിക് വര്‍ക്ഷോപ് എന്നിവയും ഉണ്ടാകും.
ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ വിരുന്നൊരുക്കി ഡസര്‍ട്ട് മാസ്റ്റര്‍ തത്സമയ പാചക മത്സരം, ഇന്ത്യന്‍ രുചിഭേദങ്ങളുടെ സംഗമമായ ടേസ്റ്റി ഇന്ത്യന്‍ സ്റ്റാളുകള്‍, ഷെഫ് പിള്ളയുടെ പാചക വര്‍ക് ഷോപ്പ് എന്നിവയുമുണ്ടാകും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങിയ മേഖലയില്‍ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകര്‍ അണിനിരക്കും. നിരവധി ഉപഭോക്തൃ ഉല്പന്നങ്ങളുടെ ലോഞ്ചിങിനും കമോണ്‍ കേരള വേദിയാവും. വീടുവാങ്ങാനും വില്‍ക്കാനും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവര്‍ക്കായി പ്രോപ്പര്‍ട്ടി ഷോ നടക്കും.
പകല്‍ മാത്രമല്ല, അതി മനോഹര സാംസ്കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും മൂന്ന് സായാഹ്നങ്ങളും. സാമൂഹിക മാധ്യമങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആസ്വാദക മനസുകളിലേക്ക് ചേക്കേറിയ വൈറല്‍ സൂപ്പര്‍ സ്റ്റാറുകള്‍ അവതരിപ്പിക്കുന്ന സ്റ്റാര്‍ ബീറ്റ്സാണ് ആദ്യ ദിവസത്തെ പ്രത്യേകത. രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി നടക്കുന്ന മ്യൂസിക് ഓഫ് മൈന്ഡ്ഫുള്നെസ് ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ ആഘോഷ വേദിയായിരിക്കും. പരിപാടിയില്‍ നടി ഭാവന മുഖ്യാതിഥിയായെത്തും.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കുള്ള ആദരമായി ഇന്തോ-അറബ് വിമന്‍ എക്സലന്‍സ് അവാര്‍ഡ് നല്‍കും. മാനവികതയുടെയും ഐക്യത്തിന്റെയും സന്ദേശം പകരുന്ന ‘ഹാര്‍മോണിയസ് കേരള’ അവസാന ദിവസമായ ഞായറാഴ്ച നടക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഗീതാസ്വാദകര്‍ക്കിടയില്‍ അറിയപ്പെട്ട ബ്രാന്‍ഡായി മാറിയ ‘ഹാര്‍മോണിയസ് കേരള’യില്‍ കുഞ്ചാക്കോ ബോബന് മുഖ്യാതിഥിയായെത്തും. യു.എ.ഇയുടെ സുസ്ഥിരത വര്‍ഷത്തിന് പ്രവാസ ലോകത്തിന്റെ പിന്തുണ പ്രഖ്യാപിക്കുന്ന ചടങ്ങും വേദിയില്‍ നടക്കും. യു.എ.ഇയിലെ പ്രമുഖ സംഘടന നേതാക്കള്‍ സുസ്ഥിരത സന്ദേശം പകര്ന്നുനല്കും. കെ. മുരളീധരന് എം.പി, ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവര്‍ പങ്കെടുക്കും. കമോണ്‍ കേരളയുടെ മുന്നോടിയായി മേയ് 18ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സില്‍ നടക്കുന്ന ഇന്‍വസ്റ്റമെന്റ് സമ്മിറ്റില്‍ പ്രമുഖ സംരംഭകര്‍ വിജയ കഥകള്‍ പങ്കുവെക്കും. ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവെച്ച് ഒരു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിസിനസ് വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.