സംവിധായകന് നജീം കോയ താമസിച്ച ഹോട്ടല്‍ മുറിയില്‍ എക്സൈസ് വിഭാഗം ലഹരി പരിശോധന നടത്തിയ സംഭവത്തില്‍ നടന് ടിനി ടോമിനെതിരെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞു പോയവരെ അറിയാം എന്ന് പറഞ്ഞത് ടിനി ടോം ആണ്. എങ്കില്‍ എന്തുകൊണ്ട് ആദ്യം ഇത്തരം ഒരു പ്രസ്താവന നടത്തിയ ടിനി ടോമിനെ എക്സൈസ് വകുപ്പ് ചോദ്യം ചെയ്തില്ല എന്നും ഉണ്ണികൃഷ്ണന് ചോദിച്ചു.
ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കാന്‍ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.
‘ഇവരെന്തുകൊണ്ട് ടിനിടോമിന്റെ പ്രസ്താവന എടുത്തില്ല. ലഹരി ഉപയോഗിച്ച് പല്ലു പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ എക്സൈസ് വകുപ്പ് ആദ്യം ചോദിക്കേണ്ടത് ഈ ബ്രാന്‍ഡ് അംബാസിഡറോടല്ലേ. ആരാണ് ഇതെന്ന് ചോദിക്കണ്ടേ… നടപടി എടുക്കേണ്ടേ അതെന്തെ ചെയ്യാത്തേ. ഒരു പ്രസ്താവന നടത്തുമ്പോള്‍ അതില്‍ ഉത്തരവാദിത്തം കൂടി വേണം,’ ഉണ്ണികൃഷ്ണന് പറഞ്ഞു.
മദ്യപിക്കുക പോലും ചെയ്യാത്തയാളാണ് നജീം കോയ. സിനിമയുമായി ബന്ധപ്പെട്ട് ഇത്രയും ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലത്ത് ഒരു മുറിയില്‍ മാത്രം, ഒരാളെ മാത്രം ടാര്‍ഗറ്റ് ചെയ്ത്, തിരുവനന്തപുരത്ത് നിന്ന് അവരുടെ ഏറ്റവും ഉന്നതിയിലുള്ള ടീം വന്ന് പരിശോധിക്കുന്നു. ഇത് ഒരാളെ മനപൂര്‍വ്വം കുടുക്കാനുള്ള ശ്രമം ആണെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.
പരാതി വ്യാജമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് എന്ത് അന്വേഷണമാണ് വിവരം തന്നയാള്ക്കെതിരെ എക്സൈസ് എടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇതൊരു ഗൂഢാലോചനയാണ്. സോഴ്സ് റിവീല്‍ ചെയ്യണമെന്ന് പറയുന്നില്ല. ഒരാളെ ഫ്രെയിം ചെയ്യാനുള്ള ശ്രമം ഇതിലുണ്ട്. ഇതിന് പിന്നിലുള്ള ആളുകളെ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ട് വന്ന് എന്തിന് വ്യാജമായ വിവരം നല്കി നജീം കോയയെ ടാര്‍ഗറ്റ് ചെയ്തു എന്ന് അറിയണം. അവിടെ എന്തെങ്കിലും വസ്തുക്കള്‍ വെച്ച് പിടികൂടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. കാരണം ഹോട്ടല്‍ മുറിയാണ്. ഷൂട്ടിംഗിന് പോയി കഴിഞ്ഞാല്‍ താക്കോല്‍ ഒക്കെ ലഭിക്കില്ലേ. അത്തരത്തില്‍ കൊണ്ട് വെക്കുകയും പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്താല്‍ നജീം കോയ അതില്‍ പെട്ട് പോവില്ലേ… ഞങ്ങള്‍ക്ക് ഇങ്ങനെ വന്ന് സംസാരിക്കാന്‍ പോലും കഴിയാതെ വരുമെന്നും ഉണ്ണികൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.