തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഒളിയമ്പുമായി മുന്‍ മന്ത്രി ആന്റണി രാജു. ഓട്ടോറിക്ഷയെക്കാളും കാറിനെക്കാളും വിമാനത്തെക്കാളുമൊക്കെ യാത്ര ചെയ്യാന്‍ ഏറ്റവും സുഖം ഇലക്ട്രിക് ബസില്‍ ആണെന്നാണ് ആന്റണി രാജു പറഞ്ഞത്.
തിരുവനന്തപുരം നഗരത്തില്‍ ഏറ്റവും സുഖകരമായ യാത്ര ഒരുക്കുന്നത് ഇ ബസ് യാത്രയാണെന്നും ആന്റണി രാജു പറഞ്ഞു. എസ്.എം.വി സ്കൂളിലെ പൂര്‍വ്വ അധ്യാപകരുടെ സംഗമത്തിലായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.
തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കിയ സിറ്റി സര്‍ക്കുലര്‍ ഇ-ബസുകള്‍ ലാഭത്തിലല്ലെന്നും പുതിയ ബസുകള്‍ വാങ്ങില്ലെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. ഇ ബസുകള്‍ നഷ്ടമാണ്. തുച്ഛമായ വരുമാനമാണുള്ളത്. ഒരു ഇ ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസല്‍ ബസുകള്‍ വാങ്ങിക്കാമെന്നുമായിരുന്നു കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ എം എല്‍ എ വികെ പ്രശാന്തും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.