യുഎഇയിലേക്ക് വിനോദസഞ്ചാരം, ചികിത്സ തുടങ്ങിയ ലക്ഷ്യത്തോടെ കുടുംബസമേതം എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് അധികൃതർ അറിയിച്ചു. 60, 180 ദിവസം കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണ് നൽകുക.
രോഗികളെ അനുഗമിക്കുന്നവർക്കും ഗ്രൂപ്പ് വീസയിൽ വരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാൻ സാധിക്കും. 750 ദിർഹമാണ് വീസയുടെ ഫീസ്.
ബാങ്ക് ഗാരൻ്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങുമ്പോൾ തിരികെ ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കാണ് വ്യക്തിഗത വീസ ലഭിക്കുക. കൂടാതെ സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണമെന്നാണ് മറ്റൊരു നിബന്ധന. ഫെബ്രുവരി 1 മുതൽ 90 ദിവസത്തെ വീസ നിർത്തലാക്കിയെങ്കിലും കുടുംബാംഗങ്ങൾക്കുള്ളത് തുടരുമെന്ന് അധികൃതർ പറയുന്നു.
അതേസമയം യുഎഇയിൽ 30, 60, 90 ദിവസ കാലാവധിയുള്ള വ്യക്തിഗത സന്ദർശക വീസ രാജ്യം വിടാതെ 30 ദിവസത്തേക്കുകൂടി പുതുക്കാമെന്നും അറിയിപ്പുണ്ട്. 1000 ദിർഹമാണു (ഏകദേശം 22,521 രൂപ) ചെലവു വരുക. എന്നാൽ, ഫീസ് നൽകി പുതുക്കുന്നതിനെക്കാൾ രാജ്യം വിട്ടു പുതിയ വീസയിൽ വരുന്നതിനാണ് ഇപ്പോൾ കൂടുതൽ പേരും താൽപര്യം കാണിക്കുന്നത്. ഇങ്ങനെ ചെയ്താൽ 2–3 മാസം കൂടി യുഎഇയിൽ തങ്ങാനാകും എന്നതാണ് പ്രയോജനം.