മസ്കത്ത്: ബെംഗളൂരു, മുംബൈ സെക്ടറിൽ പുതിയ സർവ്വീസുകൾ പ്രഖ്യാപിച്ച് ഒമാൻ്റെ ബജറ്റ് എയർലൈനായ സലാം എയർ. ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് സലാം എയർ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നത്. മുംബൈയിലേക്ക് സെപ്തംബർ രണ്ട് മുതലും ബെംഗളൂരുവിലേക്ക് സെപ്തംബർ ആറ് മുതലുമാണ് സർവ്വീസ് ആരംഭിക്കുന്നത്.
മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവ്വീസുകളും ബെംഗളൂരുവിലേക്ക് രണ്ട് സർവ്വീസുകളുമുണ്ടാവും. ലെറ്റ് ഫെയർ വിഭാഗത്തിൽ മുംബൈ സെക്ടറിൽ 19 റിയാലും ബെംഗളൂരു സെക്ടറിൽ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം ഓഫർ നിരക്കിൽ ഏഴ് കിലോ ഹാൻഡ് ലഗേജ് മാത്രമാകും അനുവദിക്കുക. അധിക ബാഗേജിന് യാത്രക്കാർ തുക നൽകണം.
അതേസമയം ഇന്ത്യയിലെ കൂടുതൽ നഗരങ്ങളിലേക്ക് സലാം എയർ സർവ്വീസ് വ്യാപിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ഡൽഹിയിലേക്കും ചെന്നൈയിലേക്കും കമ്പനി സർവ്വീസ് ആരംഭിച്ചത്. കേരളത്തിൽ നിലവിൽ കോഴിക്കോട്ടേക്കാണ് കമ്പനി സർവ്വീസ് നടത്തുന്നത്. ഹൈദരാബാദ്, ജയ്പൂർ, ലക്നൌ എന്നീ നഗരങ്ങളിലേക്കും മസ്കത്തിൽ നിന്നും സലാം എയർ സർവ്വീസ് നടത്തുന്നത്.