കഴിഞ്ഞ ദിവസങ്ങളിൽ എമിറേറ്റ്സ് ഐഡിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്ത വ്യാജമെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) വിഭാഗം.
ഗൾഫ് പൗരന്മാർക്ക് ഫീസ് അടച്ചാൽ എമിറേറ്റ്സ് ഐഡി കാർഡ് ലഭിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ച പോസ്റ്റിലെ വിവരങ്ങൾ. എന്നാൽ
എമിറേറ്റ്സ് ഐഡി കാർഡ് അനുവദിക്കുന്നതിന് ജനസംഖ്യാ രജിസ്ട്രിക്ക് പ്രത്യേക നടപടി ക്രമങ്ങൾ ഉണ്ടെന്ന് ഐസിപി വ്യക്തമാക്കി.
റെഗുലേറ്ററി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് എമിറേറ്റ്സ് ഐഡി കാർഡ് നൽകുന്നതെന്നും ഇക്കാര്യങ്ങളിൽ ഇതുവരെ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്നും ഐസിപി കൂട്ടിച്ചേർത്തു. ഇത്തരം വ്യാജ വാർത്തകൾ അവഗണിക്കണമെന്നും ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സർക്കാർ ഉറവിടങ്ങളിൽ നിന്നും ശരിയായ നിർദ്ദേശങ്ങൾ തേടണമെന്നും അതോറിറ്റി താമസക്കാരോട് വ്യക്തമാക്കി.