തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ സ്ഫോടനത്തില്‍ മരണ സംഖ്യ വീണ്ടും ഉയരുന്നു. ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്തിക്കാലില്‍ ഉണ്ടായ സ്ഫോടനത്തില്‍ ആറ് പേർ മറക്കുകയും 53 പേര്‍ക്ക് പരുക്കേറ്റതുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന് പറഞ്ഞു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നുവെന്നും സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
തുര്‍ക്കി പ്രാദേശിക സമയം ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടനമുണ്ടായത്. ഇതിന് തൊട്ടുപിന്നാലെ പൊലീസ് പ്രദേശം വളഞ്ഞിരുന്നു. നഗരത്തില്‍ പൊലീസ് ഇപ്പോഴും പട്രോളിംഗ് നടത്തുന്നുണ്ട്. സ്ഫോടനത്തില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിയെന്നും സ്ഥലത്ത് നാല് പേര് വീണുകിടക്കുന്നത് കണ്ടെന്നും സ്ഫോടനസ്ഥലത്തുണ്ടായ ദൃക്സാക്ഷികൾ പറയുന്നു.
സ്ഫോടന ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വലിയ ശബ്ദവും തീജ്വാലയും സ്ഫോടനത്തോടൊപ്പം ഉണ്ടാകുന്നതും ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയില്‍ കാണാം. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടു.