നാലു വർഷത്തിനിടെ ഇസ്രായേൽ അഞ്ചാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തി. മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. നിലവിലെ പ്രതിപക്ഷ നേതാവാണ് നെതന്യാഹു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വലതു സഖ്യത്തിന് വോട്ടുചെയ്യണോ അതോ ഭരണത്തിലുള്ള വലത്-ഇടത്-മധ്യ കക്ഷികളുടെ സഖ്യത്തിനെ പിന്തുണക്കണോ എന്നതാണ് വോട്ടർമാരുടെ മുന്നിലെ തെരഞ്ഞെടുപ്പ് സാധ്യത.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിനെ തുടർന്നുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ ഉയർന്ന ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്നതാണ് പ്രവചിപ്പിക്കുന്നത്. അതേസമയം വലതുപക്ഷ സഖ്യം അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളുടെ ശക്തമായ പ്രകടനമാണ് ഈ ഫലത്തിന് പിന്നിലെന്ന് വിലയിരുത്തുന്നു. നെസെറ്റിന്റെ 120 സീറ്റുകളിൽ 61 അല്ലെങ്കിൽ 62 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചവരെ 28.4 ശതമാനമായിരുന്നു പോളിങ്. പാർലമെന്റിലെത്താൻ പാർട്ടികൾ 3.25 ശതമാനം വോട്ടുനേടണം. 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതും ഈ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു.
എന്നാൽ, നിലവിൽ അഴിമതി കേസിൽ വിചാരണ നേരിടുകയാണ് നെതന്യാഹു. വിചാരണ പൂർത്തിയാകും വരെ നെതന്യാഹു അധികാരത്തിനായി ശ്രമിക്കരുതെന്നാണ് എതിർപക്ഷം വാദിക്കുന്നത്. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്ന് നെതന്യാഹുവിന്റെ പക്ഷം പറയുന്നു. കുട്ടികളെ കണക്കും ഇംഗ്ലിഷും പഠിപ്പിക്കുന്നതുപോലും എതിർക്കുന്ന തീവ്ര യാഥാസ്ഥിതിക വിഭാഗം ഉൾപ്പെടുന്നതാണ് നെതന്യാഹുവിന്റെ സഖ്യം. ഇസ്രായേലിലെ അറബ് ന്യൂനപക്ഷത്തിനെതിരെ വംശീയ നിലപാട് സ്വീകരിക്കുന്ന തീവ്ര വലതുവിഭാഗക്കാരായ കുടിയേറ്റക്കാരും ഈ മുന്നണിയിലാണെന്നാണ് പറയുന്നത്. നെതന്യാഹു വീണ്ടും വരുന്നത് ഇസ്രായേലിന്റെ ജൂതസ്വത്വം പൊലിപ്പിക്കാൻ സഹായിക്കുമെന്നാണ് ഇവർ കരുതുന്നു. എന്നാൽ, നെതന്യാഹു മടങ്ങിവരുന്നത് ജൂതർക്കും അറബ് സമൂഹത്തിനും ഒത്തുപോകാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന് മറുപക്ഷം പറഞ്ഞു.