ദുബായ്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ തങ്ങൾക്ക് റോളില്ലെന്ന് വിശദീകരിച്ച് എക്സാലോജിക് കൺസൾട്ടിങ് കമ്പനി. എസ്.എൻ.സി ലാവ്ലിൻ, പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സ് എന്നീ കമ്പനിയുമായി ഇതുവരെ യാതൊരു ഇടപാടുകളും തങ്ങൾ നടത്തിയിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
കമ്പനിയുടെ ജീവനക്കാരോ കരാറുകാരോ ബിസിനസ് പങ്കാളികളോ അല്ല വീണയും സുനീഷും. ഒരു തരത്തിലുള്ള വ്യാപാര ഇടപാടുകളോ സാമ്പത്തിക ഇടപാടുകളോ ഇവരുമായും തങ്ങൾക്കില്ല. ഇന്ത്യയിൽ എക്സാലോജിക് കൺസൾട്ടിങിന് ബിസിനസുള്ളത് ബെംഗളൂരുവിൽ മാത്രമാണെന്നും 2015-ലാണ് അവിടെ പ്രവർത്തനം തുടങ്ങിയതെന്നും കേരളത്തിൽ കമ്പനിക്ക് സാന്നിധ്യമില്ലെന്നും കമ്പനിയുടെ സ്ഥാപകരായ സസൂൺ സാദിഖ്, നവീൻ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ബിജെപി നേതാവ് ഷോൺ ജോർജ്ജ് കഴിഞ്ഞ ദിവസം വീണ വിജയനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ എക്സാലോജിക് കൺസൽട്ടിംഗ് കമ്പനി നിലപാട് വ്യക്തമാക്കിയത്. കമ്പനിയെ ചുറ്റിപ്പറ്റി ഇങ്ങനെയൊരു വിവാദമുണ്ടായത് കഴിഞ്ഞ ദിവസം മാത്രമാണെന്ന് സ്ഥാപന ഉടമകൾ പറയുന്നു.
യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് തങ്ങളുടേത്. എക്സലോജിക് സൊല്യൂഷനുമായി തങ്ങളുടെ സ്ഥാപനത്തിന് ബന്ധമില്ല. രണ്ടും രണ്ട് കമ്പനിയാണെന്നും ഇന്ത്യയിലെ ഒരു സർക്കാർ സംവിധാനമായും ബന്ധപ്പെട്ടുള്ള ഒരു കരാറും കമ്പനി ഇതുവരെ ഏറ്റെടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.