ഒരു കിലോമീറ്റർ ദൂരപരിധിയിലുള്ള വാഹനങ്ങളുടെ മുഴുവൻ വിവരങ്ങളും പരിശോധിക്കാനുള്ള ആധുനിക സംവിധാനവുമായി ഗാർഡ. അയർലൻഡിലെ ഗാർഡയുടെ പുതിയ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പരിശോധന. ഈ സംവിധാനം ഉപയോഗിച്ച് ഒരു വാഹനത്തിന്റെ ടാക്സ്, ഇൻഷുറൻസ് തുടങ്ങിയ എല്ലാ വിവരങ്ങളും തൽക്ഷണം അറിയാൻ ഇനി ഗാർഡയ്ക്ക് സാധിക്കും.
ചെക്കിംഗ് പോയിന്റുകൾ ഡ്രൈവർമാർ കാണുന്നതിന് മുമ്പുതന്നെ വാഹനത്തിന്റെ വിവരങ്ങൾ ഗാർഡ റെക്കോർഡ് ചെയ്യും. പുതിയ സംവിധാനം വഴി ഗാർഡയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും പേപ്പർ വർക്കുകൾ കുറയ്ക്കുകയും വഴി ആളുകളുടെ ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കാൻ കഴിയുമെന്ന് ഗാർഡയുടെ നവീകരണ-ഡിജിറ്റൽ സേവനങ്ങളുടെ തലവനായ ടിം വില്ലോബി പറഞ്ഞു.
ഈ സംവിധാനത്തിലൂടെ കുറ്റവാളികളെ വേഗത്തിൽ പിടികൂടാനാവുമെന്ന് ചീഫ് സൂപ്രണ്ട് കോൺ കാഡോഗൻ പറഞ്ഞു. കൂടാതെ 2020 മുതൽ 4,000-ത്തിലധികം വാഹനങ്ങൾ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.