എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ക്യാംപസില്‍ അലഞ്ഞു തിരിഞ്ഞ പശുവിനെ വില്‍പ്പന നടത്തിയ ജീവനക്കാരന് അറസ്റ്റില്‍. മെഡിക്കല്‍ കോളേജിലെ സ്ഥിരം ഡ്രൈവര്‍ ആയ ബിജു മാത്യുവാണ് പശുവിനെ വിറ്റതിന് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ കന്നുകാലികളെ ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി കാന്റീന് സമീപം പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
ക്യാംപസിനുള്ളില്‍ മേഞ്ഞു നടുക്കുന്ന പശുക്കള്‍ക്ക് പുല്ലും വെള്ളവും കൊടുത്ത് വശത്താക്കിയ ശേഷം കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നതായിരുന്നു രീതി.
ഇത്തരത്തില്‍ കന്നുകാലികളെ നഷ്ടപ്പെടുന്നതായി നേരത്തെ പരാതികള്‍ ലഭിച്ചിരുന്നു. ഇതും പൊലീസ് അന്വേഷിച്ച് വരികയാണ്. വളരെ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ കന്നുകാലികളെ വില്‍പ്പന നടത്തിയതെന്നാണ് വിവരം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് വില്‍പ്പന നടത്തിയതെന്നും പറയുന്നു.
മെഡിക്കല്‍ കോളേജിന് സമീപം താമസിക്കുന്ന ചിലരാണ് കന്നുകാലികളെ ക്യാംപസിലേക്ക് മേയാന്‍ തുറന്ന് വിടുന്നതെന്ന് ആരോപണമുണ്ട്. ഇത് അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. അതിനിടെയാണ് കന്നുകാലികളെ വില്‍ക്കുന്നതിനിടെ ജീവനക്കാരന് തന്നെ പിടിടയിലായിരിക്കുന്നത്.