ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദേശികൾക്ക് യുഎഇയിലെത്തി ഗ്രീൻ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 60 ദിവസത്തെ എൻട്രി പെർമിറ്റ് നൽകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജിഡിആർഎഫ്എ) വ്യക്തമാക്കി.
വിദഗ്ധ തൊഴിലാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, നിക്ഷേപകർ/ബിസിനസ് പാർട്ണർമാർ തുടങ്ങി 3 വിഭാഗക്കാർക്കാണ് ഗ്രീൻ വീസ ലഭിക്കുക. ജിഡിആർഎഫ്എയുടെ വെബ്സൈറ്റിലോ ആമർ സെൻ്ററുകൾ വഴിയോ അപേക്ഷിക്കാം. 60 ദിവസത്തെ വീസയ്ക്ക് 335.75 ദിർഹമാണ് ഈടാക്കുക. അപേക്ഷകൻ യുഎഇയിലുണ്ടെങ്കിൽ ഇൻസൈഡ് കൺട്രി സേവനത്തിനു 650 ദിർഹം അധികവും നൽകേണ്ടി വരും
എന്താണ് ഗ്രീൻ വീസ?
നിക്ഷേപകർ/ബിസിനസ് പങ്കാളികൾ, ഫ്രീലാൻസർ/സ്വയം സംരംഭകർ, അതിവിദഗ്ധർ എന്നീ വിഭാഗക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിൽ 5 വർഷം യുഎഇയിൽ ജോലിയും ബിസിനസും ചെയ്യാൻ സാധിക്കുന്നതാണ് ഗ്രീൻ വീസ. കമ്പനി ഡയറക്ടർമാർ, എക്സിക്യൂട്ടീവുകൾ, എൻജിനീയർമാർ, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകൾ, സാങ്കേതിക വിദഗ്ധർ എന്നിവരും ഈ ഗണത്തിൽ ഉൾപ്പെടും.
അതിവിദഗ്ധർ
ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്കാരികം, സാമൂഹികശാസ്ത്രം എന്നീ മേഖലകളിൽ 9 വിഭാഗങ്ങളിലെ അതിവിദഗ്ധർക്ക് ഗ്രീൻ വീസ ലഭിക്കും. യുഎഇയിൽ സാധുതയുള്ള തൊഴിൽ കരാർ ഉള്ളവരും മാസത്തിൽ 15,000 ദിർഹം (3.38 ലക്ഷം രൂപ) അല്ലെങ്കിൽ അതിൽ കൂടുതലോ ശമ്പളമുള്ള ബിരുദധാരികളായിരിക്കണം.
നിക്ഷേപകർ
യുഎഇയിലെ നിക്ഷേപകർ/ ബിസിനസ് പങ്കാളികൾക്കും 5 വർഷത്തെ ഗ്രീൻ വീസയ്ക്ക് യോഗ്യതയുണ്ട്. അപേക്ഷകരുടെ യുഎഇയിലെ നിക്ഷേപം സംബന്ധിച്ച് തെളിവുകൾ പ്രാദേശിക വകുപ്പിൽനിന്ന് ഹാജരാക്കണം. ഒന്നിലധികം ബിസിനസിൽ നിക്ഷേപിച്ചവരുടെ മൊത്തം നിക്ഷേപ തുക പരിഗണിക്കും.
ഫ്രീലാൻസർ/സ്വയം സംരംഭകർ
സ്വയം സംരംഭകർക്കും ഫ്രീലാൻസർമാർക്കും ഗ്രീൻ വീസ നേടാം. രാജ്യത്തിനു പുറത്തുനിന്നും അപേക്ഷിക്കാം. ബാച്ചിലർ ഡിഗ്രിയുള്ളവർക്ക് 2 വർഷത്തിനിടെ 3.6 ലക്ഷം ദിർഹത്തിൽ (81.1 ലക്ഷം രൂപ) കുറയാത്ത വരുമാനം ഉള്ളതായി തെളിയിക്കണം. അല്ലെങ്കിൽ യുഎഇയിൽ ജീവിക്കാനുള്ള സാമ്പത്തിക ഭദ്രത രേഖാമൂലം കാണിക്കണം.
കൂടാതെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൻ്റെ ഫ്രീലാൻസർ/സ്വയം സംരംഭക ലൈസൻസ് ഉണ്ടായിരിക്കണം.
ആശ്രിതർ
ഗ്രീൻ വീസ ഉടമകളുടെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവർക്ക് തുല്യ കാലയളവിലേക്കുള്ള വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാവുന്നതാണ്.