ഇംഗ്ലണ്ടിൽ അടുത്തയാഴ്ച നടത്താനിരുന്ന നഴ്സുമാരുടെ 48 മണിക്കൂർ സമരം മാറ്റിവച്ചതായി റോയൽ കോളജ് ഓഫ് നഴ്സിംഗ് അറിയിച്ചു. ശമ്പള വർധന സംബന്ധിച്ച് റോയൽ കോളജ് ലീഡേഴ്സും മന്ത്രിമാരും തമ്മിൽ ചർച്ച നടത്താൻ തീരുമാനമായ സാഹചര്യത്തിലാണ് തീരുമാനം.
മാർച്ച് ഒന്നാം തീയതി ബുധനാഴ്ച രാവിലെ മുതൽ നടത്താനിരുന്ന 48 മണിക്കൂർ സമരമാണ് തൽകാലത്തേക്ക് മാറ്റിവച്ചത്. ബുധനാഴ്ച രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ സമരം നടത്താനായിരുന്നു ധാരണ. തുടർച്ചയായ ദിവസങ്ങളിലെ സമരം ആരോഗ്യമേഖലയിലെ പ്രവർത്തനം അവതാളത്തിലാക്കുമെന്ന് ബോധ്യപ്പെട്ടതോടെ മുഖംതിരിച്ചു നിന്ന സർക്കാർ ചർച്ചയ്ക്ക് തയാറാവുകയായിരുന്നു. ഇംഗ്ലണ്ടിലെ 128 ട്രസ്റ്റുകളിൽ പണിമുടക്ക് നടത്താനായിരുന്നു യൂണിയൻ തീരുമാനം.
നഴ്സുമാരുടെ ആവശ്യങ്ങളിൽ ചർച്ചകൾ ഉടൻ ആരംഭിക്കുമെന്നു റോയൽ കോളജ് ഓഫ് നഴ്സിംഗും ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയറും സംയുക്തമായി ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
പണപ്പെരുപ്പ നിരക്കിലും അഞ്ചു ശതമാനം ഉയർന്ന ശമ്പള വർധനയാണ് യൂണിയൻ ആവശ്യപ്പെടുന്നത്. ഇതിൻ്റെ പകുതി വരെ മാത്രമാണ് സർക്കാരിൻ്റെ നിലവിലെ വാഗ്ദാനം.
എൻഎച്ച്എസ് സ്റ്റാഫിന് നിലവിൽ 4.75 ശതമാനം ശമ്പള വർധന നൽകിയിട്ടുണ്ടെന്ന ന്യായം പറഞ്ഞാണ് സർക്കാർ നാലര മാസമായി യൂണിയൻ്റെ ആവശ്യത്തോട് പ്രതികരിക്കാൻ പോലും തയാറാകാതിരുന്നത്. ഇതാണ് സമരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ മാസം നടന്ന സൂചനാ പണിമുടക്കു പോലും ഒട്ടേറെ ആശുപത്രികളുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതു മനസിലാക്കിയാണ് 48 മണിക്കൂർ സമരത്തിനു മുൻപു സർക്കാർ ചർച്ചയ്ക്ക് തയാറായിരിക്കുന്നത്.