ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാനെ (റിട്ട) നിയമിച്ചു. രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവി (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട് ഏകദേശം 10 മാസത്തിന് ശേഷമാണ് പുതിയ നിയമനം. കരസേനയുടെ കിഴക്കന്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായിരുന്ന 61 വയസുകാരനായ ലെഫ്റ്റനൻ്റ് ജനറല്‍ അനിൽ ചൗഹാന് 2021 മെയിലാണ് സൈന്യത്തില്‍ നിന്നും വിരമിച്ചത്.
40 വർഷത്തിലേറെയായി നിരവധി കമാൻഡ്, സ്റ്റാഫ്, ഇൻസ്ട്രുമെന്റൽ നിയമനങ്ങൾ എന്നിവ വഹിച്ചിരുന്ന അദ്ദേഹം, ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ഏറ്റവും ഉയർന്ന സൈനികപദവിയിൽ എത്തുന്നത്. ദേശീയ സുരക്ഷാ കൗണ്‍സിൽ സൈനിക ഉപദേഷ്ടാവായും ജനറല്‍ ചൗഹാന് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1961 മെയ് 18ന് ജനിച്ച ലഫ്റ്റനൻ്റ് ജനറല്‍ അനില്‍ ചൗഹാന് 1981 ല്‍ ഇന്ത്യന്‍ ആര്‍മിയുടെ 11 ഗൂര്‍ഖ റൈഫിള്‍സിലാണ് ആദ്യം കമ്മീഷന് ചെയ്യപ്പെട്ടത്. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് ജനറല്‍ അനില്‍ ചൗഹാന്.