ഗസയില്‍ വെടിനിര്‍ത്താനും ബന്ദികളെ വിട്ടയക്കാനും ആവശ്യമുള്ള യുഎന്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്ത് ഇന്ത്യ. ഇന്ത്യയ്ക്ക് പുറമെ അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍ ഖത്തര്‍, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളും പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.
193 അംഗങ്ങളില്‍ 153 രാജ്യങ്ങളിലെ അംഗങ്ങള്‍ അനുകൂലിച്ച് വോട്ടു ചെയ്തപ്പോള്‍ അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്തു. 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടു നിന്നു.
‘യുഎന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ടു ചെയ്യുകയാണ്. വലിയ രീതിയിലുള്ള പ്രതിസന്ധിയാണ് ഗസയിലുള്ളത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് ജീവന് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. രാജ്യാന്തര മനുഷ്യാവകാശങ്ങള്‍ ഏത് സാഹചര്യത്തിലും സംരക്ഷിക്കേണ്ടതുണ്ട്. പലസ്തീനിയന്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക രാജ്യം രൂപീകരിക്കേണ്ടതിനെക്കുറിച്ചും ചര്‍ച്ച നടത്തേണ്ടിയിരിക്കുന്നു,’ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു.
ഗസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യുഎന്‍ പ്രമേയം പാസാക്കുന്നത്. ഒക്ടോബര്‍ 27ന് 120 രാജ്യങ്ങളുടെപിന്തുണയില് പ്രമേയം പാസാക്കിയിരുന്നു.