മോശം കാലാവസ്ഥ മൂലം എമിറേറ്റ്സ് എയർലൈനിന്റെ രണ്ട് യു.എസ് വിമാനങ്ങൾ റദ്ദാക്കി. ഷിക്കാഗോയിൽനിന്ന് പുറപ്പെടുന്നതും അങ്ങോട്ടേക്ക് പോകുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ ശീതകാല കൊടുങ്കാറ്റ് ജീവൻ അപകടപ്പെടുത്തുന്ന വിധത്തിൽ ആഞ്ഞടിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം അമേരിക്കയിലെ മറ്റു നഗരങ്ങളിലേക്കുള്ള യാത്രക്ക് നിലവിൽ തടസ്സങ്ങളില്ല. റദ്ദാക്കിയ വിമാനത്തിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാർ ട്രാവൽ ഏജൻറുമാരുമായി ഇതര യാത്രാക്രമീകരണങ്ങൾക്കോ റീഫണ്ടിനോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു. കൂടാതെ എമിറേറ്റ്സിൽ നേരിട്ട് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് റീബുക്കിങ്ങിനായി പ്രാദേശിക ഓഫിസുകളുമായി ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
അതേസമയം റീഫണ്ട് ആവശ്യപ്പെട്ട് emirates.com/refund എന്ന വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എയർലൈൻ ട്രാക്കിങ് സർവിസ് ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് അനുസരിച്ച് യു.എസിൽ വെള്ളി, ശനി ദിവസങ്ങളിൽ 3200ലധികം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിവരം.