അബുദാബിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 162 പേർ പിടിയിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ വാഹനങ്ങളിൽ നിന്നും റോഡിലേക്കു മാലിന്യങ്ങൾ വലിച്ചെറിഞ്ഞ 162 പേർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. 1,000 ദിർഹം പിഴയും ലൈസൻസിൽ 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
നിയമലംഘകർ റോഡ് ശുചിയാക്കുകയും വേണം. പൊതുജനാരോഗ്യവും പരിസ്ഥിതി മലിനീകരണവും കണക്കിലെടുത്ത് ഇത്തരം പ്രവണത ഒഴിവാക്കണം. നിയമലംഘകരെ കയ്യോടെ പിടികൂടാൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓടുന്ന വാഹനങ്ങളിൽ നിന്നു സിഗരറ്റ് കുറ്റികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും വലിച്ചെറിയുന്ന പ്രവണത കൂടിയതിനെത്തുടർന്നാണു നടപടി.