ദുബൈ: മഴക്കാലത്തെ വെള്ളപ്പൊക്കം തടയാൻ ദുബൈ നഗരത്തില്‍ വിപുലമായ ഓവുചാല്‍ പദ്ധതി നടപ്പാക്കുന്നു. ഇതിനായി 140 കോടി ദിർഹമിന്റെ കരാറാണ് ദുബൈ മുനിസിപ്പാലിറ്റി നല്‍കിയിരിക്കുന്നത്.
ഓവുചാല്‍ പദ്ധതി വികസിപ്പിക്കുന്ന തസ്രീഫ് പദ്ധതിക്ക് കീഴിൽ നാല് പ്രോജക്ടുകള്‍ക്കാണ് മുനിസിപ്പാലിറ്റി കരാർ നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്കം തടയാൻ പുതിയ ഓവുചാലുകൾ നിർമ്മിച്ചും നിലവിലുള്ള ഓവുചാൽ ശ്യംഖല വിപുലപ്പെടുത്തിയുമാകും പദ്ധതി നടപ്പിലാക്കുക.
നദ് അല്‍ ഹമർ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങള്‍, അല്‍ ഗർഹൂദ്, അല്‍ റാശിദിയ, അല്‍ ഖൂസ്, സഅബീല്‍, അല്‍ വാസല്‍, ജുമൈറ, അല്‍ ബദാ എന്നിവയുള്‍പ്പെടെയുള്ള ദുബൈയിലെ പ്രധാന സ്ഥലങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പദ്ധതി. ഇതിനായി നഗരത്തിലെ ഓവുചാല്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്ന തസ് രീഫ് ടണലുമായി 36 കിലോ മീറ്ററിലധികം നീളമുള്ള പുതിയ ഡ്രെയിനേജ് ലൈൻ നിർമിക്കും.
ദുബൈയിലെ മഴവെള്ള ഡ്രെയിനേജ് ശ്യംഖല വികസിപ്പിക്കുന്നതിനുള്ള തസ് രീഫ് പദ്ധതി നടപ്പാക്കുന്നതിലെ പ്രധാന നാഴികക്കല്ലാണ് പുതുതായി ആരംഭിക്കുന്ന പദ്ധതിയെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറല്‍ എൻജിനീയർ മർവാൻ അഹമദ് ബിൻ ഗലിത പറഞ്ഞു. രാജ്യത്തിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രധാന പദ്ധതികള്‍ നടപ്പാക്കാനുള്ള യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. കാലാവസ്ഥയ്ക്ക് അനുയോജ്യവും സുസ്ഥിരവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ലോകത്തെ ഏറ്റവും മികച്ച സംവിധാനങ്ങളുള്ള നഗരമാക്കി ദുബൈയെ മാറ്റാനാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്