ദുബായ്: ദിവസങ്ങൾക്ക് മുൻപ് അബുദാബിയിൽ നിന്നും കാണാതായ മലയാളി പ്രവാസി ഡിക്സൺ സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ദുബായിലെ പാലത്തിൽ നിന്നും ചാടി മരിച്ച നിലയിലാണ് ഡിക്സനെ കണ്ടെത്തിയത്.
തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം പുതിയതുറ സ്വദേശിയായ അഴങ്കൽ പുരയിടത്തിൽ ഡിക്സണ്‍ സെബാസ്റ്റ്യനെ ഇക്കഴിഞ്ഞ മെയ് 15 മുതലാണ് കാണാതായത്. 26 വയസ്സായിരുന്നു. മത്സ്യത്തൊഴിലാളിയായ സെബാസ്റ്റ്യൻ്റേയും ജെനോബിയുടേയും മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്.
അബുദാബിയിലെ ഇലക്ട്രോണിക്സ് ഷോപ്പിൽ വാച്ച് റിപ്പയറിംഗ് വിഭാഗത്തിലായിരുന്നു ഡിക്സണിൻ്റെ ജോലി. ദുബായ് ഷെയ്ഖ് സായീദ് റോഡിലെ സാബിൽ മേഖലയിലെ പാലത്തിൽ നിന്നും ചാടി ഡിക്സൺ മരിച്ചെന്നാണ് നിഗമനമെന്നും ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ സന്ദർശക വിസയിലാണ് ഡിക്സൺ അബുദാബിയിൽ എത്തിയത്.