ദുബായ് ഔട്ട്ലെറ്റ് മാളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ദുബൈ അല്‍ ഐന്‍ പാതക്കരികില്‍ ഔട്ട്ലെറ്റ് മാളിന്റെ പുതിയ എക്സ്റ്റന്‍ഷനിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരിയാണ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബൈ ഔട്ട്ലെറ്റ്മാള് ചെയര്മാന് നാസര്‍ ഖംസ് അല്‍ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
100,000 ചതുരശ്രയടി വിസ്തൃതിയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍, ആരോഗ്യ-ചര്‍മ സംരക്ഷണ വസ്തുക്കള്‍,
ഇലക്ട്രോണിക്സ്, ഹോം അപ്ലയന്‍സ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ലുലു കിച്ചണ്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ദുബായ് ഔട്ട്ലെറ്റ് മാള്‍ 2007ലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദുബായ് അല്‍ ഐന്‍ റോഡിലാണ് ഔട്ട്ലെറ്റ് മാള്‍ സ്ഥിതി ചെയ്യുന്നത്.
ദുബായില്‍ തമാസിക്കുന്നവര്‍ക്കും രാജ്യം കാണാന്‍ എത്തുന്ന വിദേശികള്‍ക്കും എന്നുവേണ്ട എല്ലാവര്ക്കും മികച്ച ഷോപ്പിംഗ് അനുഭവം നല്കാന് ഹൈപ്പര്‍മാര്‍ക്കറ്റിന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി പറഞ്ഞു.
മികച്ച ക്വാളിറ്റിയിലുള്ള പ്രോഡക്ടുകള്‍ മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും. കേരളത്തലുള്പ്പെടെ ലുലുവിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കര്‍ഷകര്‍ക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യസംസ്കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സജീവമാകുന്നതെന്നും യൂസഫലി പറഞ്ഞു.