വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നഗരമാണ് ദുബായ്. എന്നാൽ കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് പ്രിയം ദുബായ് തന്നെ. വേനൽക്കാലത്ത് വിനോദസഞ്ചാരത്തിനായി ഏറെ ആളുകൾ അന്വേഷിക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഫോർവാഡ്കീസ് പുറത്തുവിട്ടതിലാണ് ദുബായ് ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. വേനൽക്കാലത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സ്ഥലമായിട്ടും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നുള്ളതും ലോകത്തെ തന്നെ പ്രധാന ഷോപ്പിംഗ് ഹബ്ബ് ആണെന്നുള്ളതുമാണ് ദുബായിയെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കിയത്.
ബാങ്കോക്, ന്യൂയോർക്, ബാലി, പാരിസ്, ലോസ് ആഞ്ചലസ്, ലണ്ടൻ എന്നിവയാണ് പട്ടികയിൽ ദുബായ്ക്ക് മുകളിൽ ഇടം പിടിച്ച നഗരങ്ങൾ. വേനൽക്കാലത്ത് വിവിധ വാട്ടർ തീം പാർക്കുകളിലും മറ്റ് ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നൽകുന്ന സൗജന്യ പ്രവേശനവും ഷോപ്പിംഗ് മാളുകളിലും മറ്റും നൽകുന്ന വമ്പിച്ച വിലക്കുറവുകളും ദുബായിയെ വേനൽക്കാലത്തെ ഇഷ്ട നഗരമാക്കി മാറ്റുന്നത്.
മോഷൻ ഗേറ്റ് ദുബായ്, ലോഗോ ലാൻഡ് ദുബായ്, ലോഗോ ലാൻഡ് വാട്ടർ പാർക്ക് തുടങ്ങി ദുബായ് ടൂർസ് ആൻഡ് പാർക്ക് റിസോർട്സ് ന് കീഴിലുള്ള പാർക്കുകളിൽ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വീതവും സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബുർജ് ഖലീഫ സന്ദർശിക്കാനെത്തുന്ന മുതിർന്നവർക്കൊപ്പമുള്ള രണ്ട് കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാനെത്തുന്നവർക്ക് നിരവധി അവസരങ്ങളാണ് ദുബായിലുള്ളത്.