ദുബായിലെ അല്‍ കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. വിസിറ്റിംഗ് വിസയില്‍ ജോലി തേടിയെത്തിയ തലശ്ശേരി ടെംബിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന് ദാസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
അപകടത്തില്‍ കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയും ബര്‍ദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂര്‍ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുള്ള മരിച്ചിരുന്നു. 38 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം രാത്രി കരാമ ‘ഡേ ടു ഡേ’ ഷോപ്പിംഗ് കേന്ദ്രത്തിന് സമീപം ബിന്‍ ഹൈദര്‍ ബില്‍ഡിംഗിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോര്‍ച്ചയുണ്ടായി സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്ന് മുറികളിലായി 17 പേരാണ് താമസിച്ചിരുന്നത്. അപകടത്തില്‍ കാണാതയവരെ തിരയുമ്പോളാണ് മലപ്പുറം സ്വദേശിയുടെ മൃതശരീരം ലഭിച്ചത്.
മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.