ദുബായ്: ദുബായ് നഗരത്തിലൂടെ മറ്റ് വാഹനങ്ങളുടെയൊന്നും ശല്യമില്ലാതെ ഇനി സൈക്കിളുകൾ ചീറിപ്പായും. സൈക്കിളുകൾക്ക് വേണ്ടി മാത്രം പ്രത്യേക ഭൂഗർഭപാത തുറന്നിരിക്കുകയാണ് ആർടിഎ. 160 മീറ്റർ നീളവും 6 .6 മീറ്റർ വീതിയുമുള്ള ടണൽ ദുബായി മെയ്ദാനിലാണ് തുറന്നത്. ഇനി മുതൽ മറ്റ് വാഹനങ്ങൾക്കൊപ്പം സിഗ്നൽ കാത്ത് നിൽക്കാതെ സ്വതന്ത്രമായി ടണൽ വഴി സഞ്ചരിക്കാം
സൂര്യാസ്തമയ സമയത്ത് യുഎഇയുടെ പ്രകൃതി ഭംഗി പ്രതിഫലിപ്പിക്കും വിധമാണ് ടണൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. രാത്രിയും പകലുമെല്ലാം സൈക്കിൾ ഓടിക്കുന്നവർക്ക് കാഴച എളുപ്പമാക്കുന്ന വിധത്തിലാണ് ടണലിനകത്തെ വെളിച്ച സംവിധാനങ്ങൾ. ദുബായിയെ സൈക്കിൾ സൗഹൃദ നഗരമാക്കാനുള്ള ആർടിഎയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി.
മണിക്കൂറിൽ ഏകദേശം 800 സൈക്കിളുകൾക്ക് ഈ ടണൽ വഴി കടന്നുപോകാവുന്നതാണ്. ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് ലോകോത്തര നിലവാരത്തിൽ ഈ ട്രാക്കുകൾ നിർമ്മിച്ചിരിക്കുന്നത്. മെയ്ദാൻ, നാദ് അൽ ഷബ എന്നിവിടങ്ങളിലെ താമസസ്ഥലത്തേക്കും സൈക്ലിസ്റ്റ് ക്ലബ്ബിലേക്കുമുള്ള യാത്ര തുരങ്കപാത വഴി എളുപ്പമാകും. 2026നകം നഗരത്തിലെ മൊത്തം സൈക്കിൾ പാതകളുടെ ദൈർഘ്യം 819 കിലോമീറ്ററായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവഴി നഗരത്തിലെ പ്രധാന വിനോദ സഞ്ചാരമേഖലകളിലേക്കും സൈക്കിളുകൾ വഴി എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും