ഇന്ത്യക്കാരിയായ പത്തുവയസുകാരിക്ക് ഒറിഗാമി ഉണ്ടാക്കുന്നതിൽ ഗിന്നസ് വേൾഡ് റെക്കോർഡ്. 23.32 സെക്കൻഡിൽ മൂന്ന് തവണ പേപ്പർ ബംഗർ ഉണ്ടാക്കാനും പൊട്ടിക്കാനുമുള്ള കഴിവാണ് പ്രത്യുഷ ജയിൻ എന്ന മഹാരാഷ്ട്രക്കാരിയെ ഗിന്നസ് റെക്കോർഡിന് അർഹയാക്കിയത്.
കടലാസുകൾ മടക്കി വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന ഒരു ജാപ്പനീസ് കലയാണ് ഒറിഗാമി. ഒരു കടലാസ് മുറിക്കാതെയോ ഒട്ടിക്കാതെയോ വസ്തുക്കളുടെ രൂപങ്ങൾ വിവിധ ജ്യാമിതീയ രീതികളിൽ മടക്കി മാത്രം സൃഷ്ടിക്കുക എന്നതാണ് ഈ കലാരൂപത്തിന്റെ അടിസ്ഥാനം. അതേസമയം വിധി കർത്താക്കൾക്ക് മുന്നിലെത്തുന്നതിന് മുൻപ് മാസങ്ങളോളമുള്ള പരിശീലനം പ്രത്യുഷ നടത്തിയിരുന്നു.
ദുബായ് ഇന്റർനാഷണൽ അക്കാദമി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രത്യുഷ. ചെറുപ്പത്തിൽ തന്നെ കടലാസ് ഉപയോഗിച്ചുള്ള വിനോദങ്ങളിലാണ് പ്രത്യുഷ സമയം ചിലവഴിച്ചിരുന്നത്. അതേസമയം ഒറിഗാമി ഉണ്ടാക്കുന്നതിൽ ഇപ്പോഴും പരീക്ഷണം തുടരുകയാണ്. റൂബിക്സ് ക്യൂബ്, പസിൽസ്, ചെസ്സ് തുടങ്ങിയവയും പ്രത്യുഷയുടെ ഇഷ്ട വിനോദങ്ങളിൽ പെടുന്നു.