പെരുന്നാൾ തിരക്ക് പരിഗണിച്ച് വിവിധ എമിറേറ്റുകളിൽ സുരക്ഷ ശക്തമാക്കി പൊലീസ്. 5 ദിവസം നീണ്ട ഒഴിവ് ദിവസങ്ങളിൽ നഗരങ്ങളിൽ അനുഭവപ്പെടാൻ സാധ്യതയുള്ള കനത്ത തിരക്ക് പ്രമാണിച്ചാണ് നടപടി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. കൂടാതെ ഹെലികോപ്റ്റർ നിരീക്ഷണവും ശക്തമാക്കും.
വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും മറ്റ് കച്ചവടകേന്ദ്രങ്ങളിലും താമസസ്ഥലത്തും വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കും. അപകടത്തിൽ പെടുന്നവർക്ക് വൈദ്യസഹായം ഉറപ്പാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പെരുന്നാൾ ദിനങ്ങളിലെ തിരക്ക് മുന്നിൽ കണ്ട് വാഹന യാത്രികരും മുൻകരുതൽ പാലിക്കണമെന്നും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഇത്തരക്കാർക്കെതിരെ കർശനനടപടികൾ സ്വീകരിക്കും.
ബീച്ചുകളിൽ തിരക്ക് വർധിക്കുന്നതിനാൽ കൂടുതൽ ലൈഫ്ഗാർഡുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇവർ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം.