വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന ഫാമിലി റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ലോക പ്രീമിയറില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ്. നിരവധി ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയ ഫാമിലി ഫെബ്രുവരി 23ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തില്‍ ഹൊറര്‍ എലമെന്റ് ഉണ്ടെന്നാണ് സംവിധായകന് ഡോണ്‍ പാലത്തറ പറയുന്നത്. സിനിമയില്‍ മതത്തെ കുറിച്ചും പറഞ്ഞ് വെക്കുന്നുണ്ടെന്നും ഡോണ്‍ മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഡോണിന്റെ വാക്കുകള്‍:
ചെറിയൊരു ഹൊറര്‍ ടച്ച് ഉള്ള സിനിമയായിട്ടാണ് ഞാന്‍ ഫാമിലിയെ കാണുന്നത്. ഒരു ഹൊറര്‍ എലമെന്റ് ഉണ്ട് ഇതില്‍. വളരെ റിയലസ്റ്റിക്ക് ആയുള്ള രീതിയിലാണ് സിനിമ എടുത്തിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥിതിയെ റൊമാന്റിസൈസ് ചെയ്യുന്ന ചിത്രങ്ങളാണ് മലയാളത്തിലെ കുടുംബ ചിത്രങ്ങള്‍. ഫാമിലി അങ്ങനെയല്ല.
മതത്തിന്റെ സ്വാധീനത്തില്‍ നില്ക്കുന്ന സമൂഹത്തിലാണ് നമ്മളൊക്കെ വളര്‍ന്നു വന്നിട്ടുള്ളത്. നമ്മുടെ രാഷ്ട്രീയവും ദൈന്യംദിനകാര്യങ്ങളുമെല്ലാം മതം അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കുന്നുണ്ട്. നമ്മുടെയൊക്കെ മുകളില്‍ നില്ക്കുന്ന ശക്തികേന്ദ്രമാണ് മതം എന്ന് പറയുന്നത്. ഇന്ത്യന്‍ സമൂഹത്തിന് മതം എന്ന് പറയുന്നത് വളരെ വലിയ സ്വാധീനശക്തി തന്നെയാണ്. അതിനെ മാറ്റി നിര്‍ത്തി കുടുംബം പോലുള്ള ഒന്നിനെക്കുറിച്ച് സംസാരിക്കാനാവില്ല. അതുകൊണ്ട് തന്നെയാണ് ഫാമിലിയില്‍ മതം കടന്നു വരുന്നത്.