പൃഥിരാജ് – ബ്ലെസ്സി ടീമിൻ്റെ ബിഗ് ബജറ്റ് ചിത്രം ആടുജീവിതം (THE GOATLIFE) യുഎഇയിൽ റിലീസ് ചെയ്തേക്കും. ചിത്രത്തിന് യുഎഇ സെൻസർ ബോർഡിൻ്റെ പ്രദർശനാനുമതി ലഭിച്ചു. പിന്നാലെ യുഎഇയിലെ വിവിധ തീയേറ്ററുകളിൽ ചിത്രത്തിൻ്റെ ബുക്കിംഗും ആരംഭിച്ചു.
അതേസമയം ജിസിസിയിലെ മറ്റു രാജ്യങ്ങളിലൊന്നും ഇതുവരെ ആടുജീവിതത്തിന് സെൻസറിംഗ് ക്ലിയർ ചെയ്യാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ ചിത്രം റിലീസാവുക എന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല.
യൂറോപ്പിലെ 19 രാജ്യങ്ങളിൽ ചിത്രം റിലീസാവുന്നുണ്ട്. നോർത്ത് അമേരിക്കയിലും ഓസ്ട്രേലിയയിലും ഇതിനോടകം ചിത്രത്തിൻ്റെ റിലീസ് ചാർട്ട് ചെയ്തു കഴിഞ്ഞു. യുകെയിലും നിരവധി കേന്ദ്രങ്ങളിൽ ആടുജീവിതം റിലീസാവുന്നുണ്ട്. യുകെയിൽ 120-ലേറെ സ്ഥലങ്ങളിൽ ആടുജീവിതം കാണാൻ അവസരം ലഭിക്കും. അയർലൻഡിൽ മുപ്പതിലേറെ ലൊക്കേഷൻസിലാണ് ചിത്രം റിലീസാവുന്നത്. ഒരു മലയാള ചിത്രത്തിന് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗാവും ഇത്.