മുംബൈ: വെസ്റ്റ്ഇൻഡീസിലും യു.എസ്.എയിലുമായി നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ടീമിലെ സഞ്ജുവിൻ്റെ സ്ഥാനം സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും തുടരുന്നു. നിലവിൽ രാജസ്ഥാൻ റോയൽസ് ടീമിൻ്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു മൂന്നാം നമ്പറിലാണ് ടീമിനായി ബാറ്റ് ചെയ്യുന്നത്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് വരുമ്പോൾ ഇതൊന്നുമല്ലാത്തൊരു റോളിലേക്കാവും സഞ്ജു വരാൻ സാധ്യത.
ഇന്ത്യൻ ടീമിലെ കരുത്തുറ്റ ബാറ്റിംഗ് നിരയിൽ അഞ്ചാമനായോ ആറാമനായോ ആവും സഞ്ജു ബാറ്റിംഗിനിറങ്ങാൻ സാധ്യത. ക്യാപ്റ്റൻ രോഹിത് ശർമയും യശ്വിസി ജയ്സ്വാളും ഓപ്പണർമാരാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. വിരാട് കോലിയാവും മൂന്നാമനായി ക്രീസിലെത്തുക. ശേഷം വെടിക്കെട്ട് ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്യാനെത്തും തുടർന്ന് അഞ്ചാമനായി സഞ്ജു ക്രീസിലെത്തിയേക്കും.
ടീം പ്രഖ്യാപനത്തിന് ശേഷം കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ട ക്യാപ്റ്റൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത്ത് അഗാക്കറും റിഷബ് പന്തിനായിരിക്കും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മുഖ്യപരിഗണന എന്ന സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെപ്ഷ്യലിസ്റ്റ് ബാറ്റ്സ്മാനായി സഞ്ജു ടീമിൽ ഇടം നേടാനാണ് സാധ്യത.
അതേസമയം രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണ് താനിപ്പോൾ പ്രാധാന്യം കൊടുക്കുന്നതെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാൻ ടീം ഒന്നാകെ ആ ലക്ഷ്യത്തിനായി ശ്രമിക്കുകയാണെന്നും സഞ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പത്ത് മത്സരങ്ങളിൽ എട്ടും വിജയിച്ച രാജസ്ഥാൻ നിലവിൽ പ്ലേഓഫ് സ്ഥാനം ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.