ലോകകപ്പിന് ഇനി 21 ദിവസത്തെ കാത്തിരിപ്പ് ബാക്കി. നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വിസ, കോവിഡ് പരിശോധനാ ചട്ടങ്ങൾ, ഗതാഗത നിയന്ത്രണങ്ങൾ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സന്ദർശകരും ഹയാ കാർഡ് ഉടമകളും അറിയാൻ
-നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വിസകൾക്കും ബിസിനസ് വിസകൾക്കും നിയന്ത്രണം.
-ഖത്തറിലേക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം.
-ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാനും സാധിക്കും.
-വിദേശികളായ ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.
-യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. സൗദിയിലേക്ക് ലോകകപ്പിന് 10 ദിവസം മുൻപ് നവംബർ 10 മുതൽ പ്രവേശിക്കാം.
-ഖത്തറിലേക്ക് പ്രവേശിക്കാൻ ഇഹ്തെറാസ് പ്രീ -രജിസ്ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും ആവശ്യമില്ല.
ഖത്തറിലെ താമസക്കാർ അറിയാൻ
-കോവിഡ് സ്റ്റാറ്റസ് ആപ്പ് ആയ ഇഹ്തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിന് മാത്രം മതി.
-വിദേശ യാത്ര കഴിഞ്ഞെത്തുന്നവർക്ക് കോവിഡ് പരിശോധന വേണ്ട.
-ഖത്തറിലെ സർക്കാർ ഹെൽത്ത് സെൻ്ററുകളിൽ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ വഴി ആയിരിക്കും.
-ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അടക്കുന്നതോടെ പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.
-സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.
-പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിൻ്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയും നിയന്ത്രണമുണ്ട്.