ചലച്ചിത്ര നിര്‍മാതാവ് പിവി ഗംഗാധരന് അന്തരിച്ചു. 80 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ്മേക്കര്‍ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടില്ല. ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

അങ്ങാടി, വാര്‍ത്ത, അദ്വൈതം, ഏകലവ്യന്, ഒരു വടക്കന്‍ വീരഗാഥ, കാറ്റത്തെ കിളിക്കൂട്, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, അച്ചുവിന്റെ അമ്മ തുടങ്ങി 20 ലേറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ നിര്‍മിച്ചു.
ചലച്ചിത്ര നിര്‍മാതാക്കളുടെ ആഗോള സംഘടനയായ ഫിയാഫിന്റെ വൈസ് പ്രസിഡന്റായിരുന്നു. 1977ല്‍ സുജാത എന്ന ചിത്രം നിര്‍മിച്ചതിലൂടെ നിര്‍മാണ രംഗത്തെത്തി.
1943ല്‍ വ്യവസായിയും കെ.ടി.സി ഗ്രൂപ്പ് കമ്പനീസ് സ്ഥാപകനുമായ പി വി സ്വാമിയുടെയും മാധവിയുടെയും മകനായി ജനനം. എഐസിസി അംഗമായിരുന്നു. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു.
മാതൃഭൂമി മുഴുവന്‍ സമയ ഡയരക്ടര്‍ ആയിരുന്നു. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന് സഹോദരനാണ്. ഷെനുഗ ജയ്തിലക്, ഷെഗ്ന വിജില്‍, ഷെര്‍ഗ സന്ദീപ് എന്നിവര്‍ മക്കളാണ്. ഇവരും ചലച്ചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
