കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി. പി ദിവ്യയ്ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂരില്‍ കോണ്‍ഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി. കളക്ടറെ ജീവനക്കാർ ഉപരോധിചെങ്കിലും പിന്നീട് പോലീസ് എത്തി അവരെ നീക്കി.
ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ. വ്യക്തമാക്കി. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. തീർത്തും ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ അന്വേഷണം നടത്തും. കളക്ടറുടെ റിപ്പോർട്ട് വേഗതയിൽ ലഭ്യമാക്കും. റവന്യൂ വകുപ്പിന് അദ്ദേഹത്തെക്കുറിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ല. അത് വ്യക്തിപരമായ എന്റെ ബോധ്യമാണ്. പൊതുപ്രവർത്തകർ ഇടപെടലുകളിൽ പക്വത കാണിക്കണമെന്നും യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തിൽ കെ രാജൻ അഭിപ്രായപ്പെട്ടു
അതേസമയം ജില്ലാ പഞ്ചായത്തിന് മുന്നില്‍ പിപി ദിവ്യയുടെ കോലം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പഞ്ചായത്തിന് മുന്നില്‍ നിന്ന് നീക്കിയത്. പ്രതിഷേധത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ജില്ലാ പഞ്ചായത്തിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുായി എത്തിയിരുന്നു. പഞ്ചായത്തിനകത്ത് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നവീൻ ബാബു ആത്മത്യ ചെയ്ത പള്ളിക്കുന്നിലെ വീടിന് മുൻപിൽ റോഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേ സമയം എഡിഎമ്മിന്റെ ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കേസെടുത്ത് നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്