ദുബായ്: ഓടുന്ന കാറുകളിൽ സൺ റൂഫ് തുറന്ന് തല പുറത്തേക്ക് ഇടുന്നതും, ഡോർ ഗ്ലാസ്സുകൾ താഴ്ത്തി ചില്ലുകളിൽ ഇരിക്കുന്നതും അനുവദിക്കരുതെന്ന് പൊലീസ്. ദുബായ്, അബുദാബി പൊലീസ് സേനകളാണ് ഡ്രൈവർമാർക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഓടുന്ന വാഹനങ്ങളിൽ നിന്നും വീണ് ആളുകൾക്ക് പരിക്കേറ്റ സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ദുബായ്, അബുദാബി പൊലീസ് സേനകൾ മുന്നറിയിപ്പുമായി രംഗത്ത് എത്തിയത്. കാറിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ല മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും അപകടം സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രവൃത്തികളെന്നും ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
നിയമലംഘകർക്ക് ഫെഡറൽ ട്രാഫിക് നിയമപ്രകാരം 60 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ, 2,000 ദിർഹം പിഴ, 23 ട്രാഫിക് പോയിൻ്റുകൾ എന്നിവ ഉൾപ്പെടെ കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ടുകെട്ടിയ വാഹനം വിട്ടുനൽകുന്നതിന് 50,000 ദിർഹം വരെ ചിലവാകും.
അബുദാബി പോലീസിൻ്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസും വാഹനമോടിക്കുന്നവരോട് ട്രാഫിക് നിയമങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ആഹ്വാനം ചെയ്തു. ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ വിൻഡോയിൽ ഇരിക്കുന്നതും സൺറൂഫ് തുറന്ന് പുറത്തേക്ക് എണീച്ചു നിൽക്കുന്നതും അപകടകരമായ പെരുമാറ്റമാണ്. പലപ്പോഴും ഇതു ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുന്നുണ്ട്. വാഹനം പെട്ടെന്ന് നിർത്തുകയോ കൂട്ടിയിടിക്കുകയോ ചെയ്താൽ ഇതു വലിയ അപകടത്തിന് കാരണമാകും. എതിരെ വരുന്ന വാഹനത്തിനും ഇതപകടം സൃഷ്ടിക്കും.
ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക എന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും ഇതിന് പോലീസിൻ്റെയും സമൂഹത്തിൻ്റെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. പല അപകടങ്ങളും തടയാൻ കഴിയുന്നതും പലപ്പോഴും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിനാലാണ്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് പൊതുജന സഹകരണം, ട്രാഫിക് നിയമങ്ങൾ പാലിക്കൽ, പോസിറ്റീവ് സ്വഭാവങ്ങൾ സ്വീകരിക്കൽ എന്നിവയ്ക്ക് അൽ മസ്റൂയി ആഹ്വാനം ചെയ്തു. അപകടകരമായ ഡ്രൈവിംഗ് രീതികളുമായി ബന്ധപ്പെട്ട് ദുബായിൽ കഴിഞ്ഞ വർഷം ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് 1,183 നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും 707 വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു.