പ്രമുഖ വ്യാവസായിയും ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈക്ക് സമീപത്തുണ്ടായ വാഹനാപകടത്തിലാണ് മരണം. മുംബൈയിലെ പാല്‍ഗഡില്‍ വൈകീട്ട് 3.15ഓടെയാണ് അപകടമുണ്ടായത്. മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ നിസ്സാര പരുക്കുകളോടെയും രക്ഷപ്പെട്ടു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് വരുന്ന വഴിക്ക് പാല്‍ഗഡിലെ സൂര്യ നദിക്കു കുറുകെയുള്ള പാലത്തില്‍ വച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബര്‍ വരെ പദവിയില്‍ തുടര്‍ന്നു. പിന്നീട് എന്‍ ചന്ദ്രശേഖരന് ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു. സൈറസ് മിസ്ത്രിയെ ചെയര്മാന് സ്ഥാനത്തു നിന്ന് നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ കോടതി വിധി പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സപൂര്‍ജി പല്ലോന്‍ജി (എസ് പി) ഗ്രൂപ്പ് നല്കിയ ഹർജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.