ഇന്ത്യയിൽ ക്രിപ്റ്റോ കറൻസികൾ ചൂതാട്ടമാണെന്നും ഇന്ത്യയിൽ അത് പൂർണമായും നിരോധിക്കണമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണയ്ക്കണം, ക്രിപ്റ്റോകളെ നിരോധിക്കണം എന്നുള്ളതാണ് റിസർവ് ബാങ്കിന്റെ നിലപാട് എന്നദ്ദേഹം പറഞ്ഞു.
ക്രിപ്റ്റോ കറൻസിയുടെ വിലയിലെ ചാഞ്ചാട്ടം വിശ്വസനീയമല്ല. 100% ഊഹക്കച്ചവടമാണ് ഇതിൽ നടക്കുന്നത്. ക്രിപ്റ്റോകളെ സാമ്പത്തിക ഉൽപന്നമോ ആസ്തിയോ ആയി കണക്കാക്കുന്നത് തെറ്റായ വാദമാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ഇടപാടുകൾ ക്രിപ്റ്റോ വഴിയായാൽ, സമ്പദ്വ്യവസ്ഥയിലെ പണ വിതരണത്തിൽ ആർബിഐയുടെ നിയന്ത്രണം നഷ്ടപ്പെടും. “നാണയ നയവും, പണലഭ്യതയും തീരുമാനിക്കാനുള്ള ആർബിഐയുടെ അധികാരം തുരങ്കം വയ്ക്കപ്പെടും. അത് സമ്പദ്വ്യവസ്ഥയുടെ ഡോളറീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.