സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കെ. അനില്‍ കുമാറിന്റെ തട്ടം പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ജനാധിപത്യ അവകാശമാണ് അതിനാല്‍ തന്നെ അനില്‍ കുമാറിന്റെ ആ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

വസ്ത്രം ധരിക്കുന്നവര്‍ ഏത് വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശിക്കാനോ അതിന്റെ ഭാഗമായുള്ള കാര്യങ്ങളില്‍ വിമര്‍ശനാത്മകമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കാനോ ആരും ആഗ്രഹിക്കുന്നതല്ല. അത് വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗവും ഓരോരുത്തരുടെയും ഭരണഘടനാപരമായ അധികാരാവകാശങ്ങളില്‍പ്പെട്ടതുമാണ്. അനില്‍കുമാറിന്റെ പ്രസംഗം മുഴുവന്‍ അനുചിതമാണെന്ന് പറയാനാവില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

തട്ടം വേണ്ടെന്ന് വെക്കുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയംഗം അനില്‍ കുമാറിന്റെ പരാമര്‍ശം. ഇത് വിവാദമായ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ വിശദീകരണം.
എം.വി ഗോവിന്ദന്റെ വാക്കുകള്‍
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. അനില്‍ കുമാര്‍ എസന്‍സ് ഗ്ലോബല്‍ പരിപാടിയില്‍ സംസാരിക്കവെ മുസ്ലീം സ്ത്രീകള്‍ തട്ടം ധരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു.
വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശമാണ്. ഭരണഘടന ഉറപ്പ് നല്‍കുന്ന കാര്യം കൂടിയാണ്. ഹിജാബ് പ്രശ്‌നം ഉയര്‍ന്ന് വന്ന ഘട്ടത്തില്‍ തന്നെ പാര്‍ട്ടിയുടെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വസ്ത്ര സ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറേണ്ട ഒരു സാഹചര്യവും ഒരാളും സ്വീകരിക്കേണ്ട കാര്യവുമില്ല. വസ്ത്രം ധരിക്കുന്നവര്‍ ഇന്ന വസ്ത്രം മാത്രമേ ധരിക്കാവൂ എന്നൊന്നും പറയേണ്ടതില്ല. അതില്‍ വിമര്‍ശനാത്മകമായി എന്തെങ്കിലും ചൂണ്ടിക്കാണിക്കേണ്ട ആവശ്യവുമില്ല. ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അനില്‍ കുമാറിന്റെ പ്രസംഗത്തിലെ ആ ഭാഗം പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യത്യസ്തമാണ്.
ഇത്തരത്തിലുള്ള ഒരു പരാമര്‍ശവും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് പറയേണ്ടതില്ല. പ്രസംഗം മുഴുവന്‍ അനുചിതമാണെന്ന് പറയാന്‍ സാധിക്കില്ല. ആ ഭാഗം വേണ്ടിയിരുന്നില്ല.
