റിലീസിന് മുൻപേ വിവാദങ്ങൾകിടയായ ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25നാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. 2018-ൽ പുറത്തിറങ്ങിയ സീറോക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന ഷാറൂഖ് ചിത്രമെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
എന്നാൽ നിരവധി വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തുന്നത്. ചിത്രം തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. വ്യാപകമായ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ചിത്രം റിലീസിനെത്തുന്നത്.
അതേസമയം ചിത്രത്തിന്റ ഒ.ടി.ടി റിലീസിൽ കോടതി ഇടപെട്ടിരിക്കുകയാണ്. ചിത്രത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തണമെന്ന് ഡൽഹി ഹൈകോടതി നിർമാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാഴ്ച-കേള്‍വി പരിമിതിയുള്ളവർക്കും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഓഡിയോ, സബ്ടൈറ്റിലുകൾ , ക്ലോസ് ക്യാപ്ഷനുകൾ എന്നിവ ക്രമീകരിക്കണമെന്നാണ് കോടതിയുടെ നിർദേശം. എല്ലാ പ്രേക്ഷകർക്കും ആസ്വദിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചതെന്ന് കോടതി വ്യക്തമാക്കി. ആമസോൺ പ്രൈം ആണ് ചിത്രത്തിന്റെ ഒ ടി ടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്.
2016 ലെ സെക്ഷൻ 42 ഭിന്നശേഷിക്കാരുടെ അവകാശ നിയമ പ്രകാരം കാഴ്ച, കേൾവി പരിമിതിയുളളവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഫോർമാറ്റുകളിൽ എല്ലാ ഉള്ളടക്കവും ലഭ്യമാണെന്ന് ഉറപ്പാക്കണം. ഇതിനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിനും ബാധ്യതയുണ്ട്. ഇവർക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കേണ്ടത് പ്രധാനമാണ്. തിയറ്ററിൽ സിനിമ കാണുന്ന അനുഭവം ഇവർക്ക് നിഷേധിക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.