ദുബായിൽ സുഗമമായ ഗതാഗതം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയും ഷിൻദഗ ഇടനാഴിയും പൂർത്തിയാവുന്നതോടെ ദുബായിയുടെ മുഖം തന്നെ മാറും. ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ഫാല്‍ക്കണ്‍ ഇന്റര്‍ചേഞ്ച് പദ്ധതിയുടെ നിർമാണ പ്രവർത്തികൾ നിലവിൽ പകുതിയോളം പൂർത്തിയായിട്ടുണ്ടെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.
മണിക്കൂറിൽ 28,800 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന വിധത്തിലാണ് പാലങ്ങളുടേയും ടണലുകളുടേയും നിർമാണം. അൽ ഗുബൈബ, ഖലീജ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റുകളിലൂടെ കടന്നുപോകുന്ന പദ്ധതി ഇൻഫിനിറ്റി പാലം ഭാഗത്തേക്കുള്ള ഗതാഗതത്തെ കൂടുതൽ സുഗമമാക്കുമെന്ന് ആര്‍ടിഎ വ്യക്തമാക്കി. കൂടാതെ ഖാലിദ് ബിൻ അൽ വലീദ്, അൽ ഖലീജ് റോഡുകളിലൂടെ മണിക്കൂറിൽ 3,200 വാഹനങ്ങൾക്കും കടന്നുപോകാം.
അൽ മിന റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കയ്റോ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഷിൻദഗ ഇടനാഴി യാഥാർത്ഥ്യമാവുന്നതോടെ ദുബായില്‍ നിന്ന് മറ്റ് എമിറേറ്റുകളിലേക്കുള്ള യാത്രയും സുഗമമാകും. 13 കിലോ മീറ്റർ നീളുന്നതാണ് ഈ ഇടനാഴി. ഏഴ് ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് ജംഗ്ഷനുകൾ, മൂന്നര കിലോമീറ്റര്‍ പാലങ്ങൾ, രണ്ടേകാല്‍ കിലോമീറ്റര്‍ ടണല്‍, അഞ്ച് കിലോമീറ്റര്‍ റോഡ് എന്നിവ ഉൾപ്പെടുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. ദുബായിലെ ഗതാഗത തിരക്കും പാർക്കിംഗ് സൗകര്യങ്ങളും വർധിക്കുന്നതോടെ വാഹനാപകടങ്ങളും ഗണ്യമായി കുറയുമെന്നും അധികൃതർ പറഞ്ഞു.