ദുബായ്: റമദാൻ മാസത്തിന് മുന്നോടിയായി എമിറേറ്റിലെ ജയിലുകളിലെ തടവുകാർക്ക് മാപ്പ് നൽകി ജയിൽ മോചനത്തിന് വഴി തുറന്ന് ഭരണാധികാരികൾ. അബുദാബി, ഷാർജ, ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ഭരണാധികാരികളാണ് തടവുകാർക്ക് മാപ്പ് നൽകിയിട്ടുള്ളത്. മറ്റു എമിറേറ്റുകളിലും സമാനമായ പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കത്തിന് മുന്നോടിയായി 735 തടവുകാരെ തടവിൽ നിന്നും മോചിപ്പിക്കാൻ യുഎഇ പ്രസിഡൻ്റും യുഎഇ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് നിർദ്ദേശം നൽകി.വിവിധ കുറ്റങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിച്ച തടവുകാർക്ക് ചുമത്തിയ എല്ലാ പിഴകളും ഷെയ്ഖ് മുഹമ്മദ് നേരിട്ട് ഏറ്റെടുത്ത് വീട്ടും. കഴിഞ്ഞ വർഷം രാജ്യത്തിൻ്റെ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമാപ്പിനുള്ള വ്യവസ്ഥകൾ പാലിച്ച 1,018 തടവുകാരെ മോചിപ്പിക്കാൻ ഷെയ്ഖ് മുഹമ്മദ് ഉത്തരവിട്ടിരുന്നു. വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ദുബായിലെ 691 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടതായി എമിറേറ്റ്സ് വാർത്താ ഏജൻസി അറിയിച്ചു.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മാപ്പ് നൽകിയതോടെ ഷാർജയിലെ വിവിധ ജയിലുകളിൽ നിന്നുള്ള 484 തടവുകാരെ ഈ റമദാന് മുൻപായി മോചിപ്പിക്കും. നല്ല നടപ്പ് അടക്കമുള്ള നിബന്ധനകൾ പാലിച്ച തടവുകാരുടെ ദയാഹർജിയിലാണ് ഷാർജ ഭരണാധികാരിയുടെ തീരുമാനം. തടവുകാരെ വിട്ടയക്കാനുള്ള തീരുമാനത്തിൽ ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി സുൽത്താനെ നന്ദി അറിയിച്ചു. വിശുദ്ധ മാസത്തിൽ കുറ്റവാളികളുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
314 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ഇവരെ മോചിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിച്ചതായി അജ്മാൻ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി അറിയിച്ചു. എല്ലാ വർഷവും പ്രത്യേക അവസരങ്ങളിൽ യോഗ്യരായ തടവുകാർക്ക് ഈ രീതിയിൽ അജ്മാൻ ഭരണാധികാരി മാപ്പ് നൽകാറുണ്ട്.