കര്‍ണാടകയില്‍ വിജയിക്കുന്ന എംഎല്‍എമാരെ ബംഗളൂരുവിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ്. കുതിരക്കച്ചവടം തടയാനാണ് കോണ്‍ഗ്രസിന്റെ നീക്കം. വിജയിക്കാന്‍ സാധ്യതയുള്ള എംഎല്‍എമാരുമായി നിരന്തരമായ ആശയ വിനിമയം നടത്തുകയാണ് നേതാക്കള്‍.
എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും ഫലം വരട്ടെയെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡികെ ശിവകുമാര്‍ പറഞ്ഞത്. ചെയ്യേണ്ട ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന് അവരുടെ എംഎല്‍എമാരെ വിശ്വാസമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പരിഹസിച്ചു. തങ്ങള്‍ക്ക് കൃത്യമായ ഗ്രൗണ്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ബിജെപി തന്നെ വിജയിക്കുമെന്നുമാണ് ബസവരാജ് ബൊമ്മെ പറഞ്ഞത്.
ഏറ്റവും വലിയ ഒറ്റകക്ഷിയായില്ലെങ്കിലും കര്‍ണാടകയില്‍ അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ വാദം.
അതേസമയം കര്‍ണാടകയില്‍ ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടല്ലെന്നാണ് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്. കര്‍ണാടകയില്‍ അധികാരത്തിലെത്തുന്നതിന് ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാകും.
ജെഡിഎസ് ചെറിയ പാര്‍ട്ടിയാണ്. നിലവില്‍ ആരെയും പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല. രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തിരിക്കാം. ഇതിന് ശേഷം തീരുമാനം അറിയിക്കാമെന്നാണ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്.
രാവിലെ എട്ട് മണിമുതലാണ് കര്‍ണാടകയില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 113 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാലേ ഭരണാധികാരം ലഭിക്കൂ.
ബിജെപിക്ക് രാഷ്ട്രീയമായി ഏറെ തിരിച്ചടി നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പാണ് കര്‍ണാടകയിലേത്. സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ കല്ലുകടി നേരിടേണ്ടി വന്ന പാര്‍ട്ടിക്ക് ലക്ഷ്മണ് സാവഡി അടക്കമുള്ള നേതാക്കളെ നഷ്ടമായി.
കര്‍ണാടകയിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗാവ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ കനക്പുരയില്‍ നിന്നുമാണ് ജനവിധി നേരിടുന്നത്. എച്ച്ഡി കുമാരസ്വാമി ചന്നപട്ടണ മണ്ഡലത്തിലും സിദ്ധരാമയ്യ വരുണയിലുമാണ് മത്സരിക്കുന്നത്.
ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കെത്തിയ ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാഡ് (സി) മണ്ഡലത്തില്‍ നിന്നും ലക്ഷ്മണ് സാവഡി അത്തനിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ജഗദീഷ് ഷെട്ടാറിന്റെയും ലക്ഷ്മണ് സാവഡിയുടെയും കൂടുമാറ്റം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് പ്രധാനമാണ്.