ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയെ മാതൃകയാക്കണമെന്ന് കേരളത്തിൽ നിന്നുള്ള നേതാക്കളോട് രാഹുൽ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ദില്ലിയിൽ ചേർന്ന യോഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗ്ഗെ, എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിൻ്റെ ചുമതലയുള്ള താരീഖ് അൻവർ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഒറ്റക്കെട്ടായ പ്രവർത്തനവും കൃത്യമായ ലക്ഷ്യത്തോടെയുള്ള പ്രചാരണവുമാണ് കർണാടകയിൽ കോണ്ഗ്രസ് വിജയത്തിന് വഴിയൊരുക്കിയതെന്ന് രാഹുൽ നേതാക്കളോട് ചൂണ്ടിക്കാട്ടി. വർഗ്ഗീയ ധ്രുവീകരണത്തിനുള്ള നീക്കങ്ങളെ ജാഗ്രതയോടെ നേരിടണമെന്നും നേതാക്കളോട് രാഹുൽ പറഞ്ഞു. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഏറ്റവും ഉടൻ തുടങ്ങുകയാണെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ ഇരുപതിൽ ഇരുപത് സീറ്റും നേടാൻ അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്തെ ജനവികാരം കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരാണ് . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവച്ച് നേതാക്കൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.